ആലപ്പുഴ: ചെങ്ങന്നൂരില്‍ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ടു ജനങ്ങളെ ബോധവത്കരിക്കാന്‍ വീടുകള്‍ കയറിയിറങ്ങി മന്ത്രി സജി ചെറിയാന്. സ്വന്തം നാടായ കൊഴുവല്ലൂരിലാണ് ജനങ്ങളെ കാണാന്‍ മന്ത്രി ഇരുചക്രവാഹനത്തില്‍ നേരിട്ടെത്തിയത്.
മാധ്യമങ്ങളെ കൂട്ടാതെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ജനങ്ങളുടെ ഭാഗത്തുനിന്നു കടുത്ത പ്രതികരണങ്ങള്‍ ഉണ്ടായാല്‍ അതു മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകാതിരിക്കാനാണ് മാധ്യമങ്ങളെ സന്ദര്‍ശന വിവരം അറിയിക്കാതിരുന്നതെന്നാണ് സൂചന. സമരക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇവിടെനിന്നു പിഴുതെറിഞ്ഞ ചില അതിരടയാള കല്ലുകള്‍ മന്ത്രി ഇടപെട്ടു പുനഃസ്ഥാപിച്ചു.
താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിങ്ങള്‍ ഈ നാട്ടില്‍ തന്നെ താമസിക്കുമെന്നു തങ്കമ്മ എന്ന വയോധികയ്ക്ക് മന്ത്രി ഉറപ്പ് നല്കി. ഇവിടെയല്ലെങ്കില്‍ മറ്റൊരിടത്ത് ഇതിനേക്കാള്‍ നല്ലൊരു വീടുവച്ചു നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്കി. 20 വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു. കെ റെയിലിനെതിരായ ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തിനു വിഴുങ്ങേണ്ടി വരും. ചെങ്ങന്നൂരിലെ നാട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയെന്നും സജി ചെറിയാന് പറഞ്ഞു. എന്നാല്‍, മന്ത്രി വന്നു പോയതിനു പിന്നാലെ സ്ഥലത്തെത്തിയ മാധ്യമങ്ങള്‍ ചില വീട്ടുകാരുടെ പ്രതികരണങ്ങള്‍ തേടി. മന്ത്രി കാര്യമായ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും വീടും സ്ഥലവും ഉപേക്ഷിച്ചു പോകാന്‍ തയാറല്ലെന്നും ചിലര്‍ പ്രതികരിച്ചു.