പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിയ്ക്ക് വേണ്ടി വ്യാജരേഖ ചമച്ച സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് റാഫിയെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വിജിലന്‍സ് ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ ഹംസയുമായി ചേര്‍ന്ന് റാഫി വ്യാജരേഖ ചമച്ച് ഭൂമി ഇടപാടിന് ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ 2019 ല്‍ ഹംസയുടെ പാലക്കാട്ടെ വീട് വിജിലന്‍സ് സംഘം പരിശോധിച്ചിരുന്നു.
റെയ്ഡില്‍ 9,65,000 രൂപയും സ്വര്‍ണവും ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തു. പിന്നാലെ ഹംസയ്‌ക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതില്‍ നിന്നും രക്ഷപ്പെടാനും പണത്തിന്റെ സ്രോതസ് കാണിക്കാനും വേണ്ടി റാഫിയും ഹംസയും മരണപ്പെട്ടയാളുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍.