തിരുവനന്തപുരം: സംസ്ഥാനത്ത് യാത്ര നിരക്കുകള്‍ ഉയരുന്നു. നിരക്ക് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി നല്കി. ബസ് ചാര്‍ജ് മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്നും 10 രൂപയാക്കി. എന്നാല്‍ ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്ന വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധന അംഗീകരിച്ചില്ല. വിദ്യാര്‍ഥികള്‍ക്ക് പഴയ നിരക്ക് തന്നെ തുടരും.
ബസ് ചാര്‍ജിന് പുറമേ ഓട്ടോ, ടാക്സി നിരക്കുകളും വര്‍ധിപ്പിക്കും. ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയില്‍ നിന്നു 30 രൂപയാക്കി വര്‍ധിപ്പിച്ചു. അധിക കിലോ മീറ്ററിന് 12 രൂപയില്‍നിന്നും 15 രൂപയാക്കിയെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
എന്നാല്‍ ചാര്‍ജ് വര്‍ധന അപര്യാപ്തമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിനിധി ടി ഗോപിനാഥ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാം. ബസുടമകള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നുവെന്നും ഗോപിനാഥ് പറഞ്ഞു.