മലപ്പുറം: വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു. മുസ്ലിം ലീഗ് നേതാവായ തലാപ്പില്‍ അബ്ദുള്‍ ജലീല്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പയ്യനാട് വച്ചായിരുന്നു അബ്ദുള്‍ ജലീലിന് വെട്ടേറ്റത്.
ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു ജലീല്‍.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് രണ്ടുപേരുമായി പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കമുണ്ടായത്. ബൈക്കിലെത്തിയ സംഘം അബ്ദുള്‍ ജലീല്‍ സഞ്ചരിച്ച കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തര്‍ക്കത്തിനിടെ ഒരാള്‍ കൈയില്‍ കരുതിയിരുന്ന വടിവാളെടുത്ത് ജലീലിനെ വെട്ടുകയായിരുന്നു
സംഭവത്തില്‍ പ്രതികളിലൊരാളായ അബ്ദുല്‍ മജീദ് പോലീസിന്റെ പിടിയിലായി. മറ്റൊരു പ്രതി ഷുഹൈബിനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.