ഹരിയാനയിലെ സിർസയിൽ ബസ് ഡ്രൈവറെ ചെരുപ്പ് മാല അണിയിച്ചതും കണ്ടക്ടറെ മർദിച്ച സംഭവവും പുറത്തായി. കേന്ദ്ര ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കിൽ പങ്കെടുക്കാൻ ഡ്രൈവറും കണ്ടക്ടറും വിസമ്മതിച്ചതിനെ തുടർന്നാണ് അവരോട് ഇങ്ങനെ പെരുമാറിയതെന്ന് ഹരിയാന റോഡ്‌വേസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഡ്രൈവറുടെയും കണ്ടക്ടറുടെയും പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഗതാഗത മന്ത്രി മൂൽചന്ദ് ശർമ പറഞ്ഞു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് മാർച്ച് 28-29 തീയതികളിൽ നടന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെ രാജ്യവ്യാപക പണിമുടക്കിന് പിന്തുണയുമായി റോഡ്‌വേ തൊഴിലാളികൾ രംഗത്തെത്തിയതിനാൽ ഹരിയാനയിലെ പൊതുഗതാഗതം രണ്ട് ദിവസത്തേക്ക് സ്തംഭിച്ചു.
കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും
പ്രതിഷേധിക്കുന്നത് എല്ലാവരുടെയും ജനാധിപത്യ അവകാശമാണെന്നും എന്നാൽ, ഒരു സഹപ്രവര്‍ത്തകനെ ചെരുപ്പ് മാല അണിയിക്കുന്നതും മര്‍ദ്ദിക്കുന്നതും തെറ്റാണെന്നും ശർമ്മ പറഞ്ഞു. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇത്തരം ജീവനക്കാർക്കെതിരെ നിയമനടപടിക്കൊപ്പം കർശന വകുപ്പുതല നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ജനറൽ മാനേജർമാർക്കെതിരെയും നടപടിയുണ്ടാകുമെന്നും, കേസിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ വെറുതെ വിടില്ല. രണ്ട് ദിവസത്തെ പണിമുടക്കിൽ ചില ജില്ലകളിൽ റോഡ്‌വേ ജനറൽ മാനേജർമാർ മികച്ച രീതിയിൽ പ്രവർത്തിക്കുകയും ധാരാളം ബസുകൾ നിരത്തിലിറക്കുകയും ചെയ്‌തു. എന്നാൽ, ചില ജില്ലകളിലെ ജനറൽ മാനേജർമാർ അതിൽ പരാജയപ്പെട്ടു. ഇത്തരക്കാർക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചിട്ടുണ്ട്.
ഹരിയാന റോഡ്‌വേസിന്റെ സ്വകാര്യവൽക്കരണത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഹരിയാന റോഡ്‌വേസിന്റെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ യൂണിയനുകൾ കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്ന് ശർമ്മ ആരോപിച്ചു.
സർക്കാർ ബസുകളുടെ എണ്ണം തുടർച്ചയായി വർധിപ്പിക്കുന്നുവെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ 2,000 റോഡ്‌വേ ജീവനക്കാർക്കും സ്ഥാനക്കയറ്റം ലഭിച്ചു. ഹരിയാന റോഡ്‌വേസാണ് രാജ്യത്ത് മുന്നിൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക് ഒരുതരത്തിലുള്ള പ്രശ്‌നവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.