കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടന് ദിലീപിന് ജയിലില്‍ നിന്ന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. സുനിയുടെ സഹതടവുകാരന് കുന്നംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നുമാണ് കത്ത് ലഭിച്ചത്.കത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സുനിയുടെ കൈയക്ഷരവുമായി ഒത്തുനോക്കും. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ജയിലിലെത്തി സുനിയുടെ കൈയക്ഷരത്തിന്റെ സാംമ്പിള്‍ ശേഖരിച്ചിരുന്നു.
കത്തിന്റെ പകര്‍പ്പ് നേരത്തെ സുനിയുടെ അമ്മ പരസ്യപ്പെടുത്തിയിരുന്നു. കത്തിന്റെ ഒറിജിനല്‍ എവിടെയാണെന്ന് ഇതുവരെ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഒറിജിനല്‍ കത്തുമായി നേരത്തെ ദിലീപിന്റെ അഭിഭാഷകരെ സമീപിച്ചിരുന്നുവെന്നും അഭിഭാഷകര്‍ അത് പരിശോധിച്ച ശേഷം തിരിച്ചയച്ചുവെന്നുമാണ് സജിത്ത് പറയുന്നത്. എന്നാല്‍ കത്ത് എങ്ങനെയാണ് സജിത്തിന്റെ പക്കല്‍ എത്തിയതെന്ന് വ്യക്തമാല്ല.
ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ പറയുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലയ്ക്ക് എടുത്താലും സത്യം മൂടിവെക്കാന്‍ ആകില്ല എന്നും കത്തിലുണ്ട്. കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല.
നടിയെ ആക്രമിച്ചതില്‍ ദിലീപ് നടത്തിയ ഗൂഢാലോചന തെളിയിക്കുന്നതാണ് കത്തെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. അതേസമയം, കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ആലുവ പോലീസ് ക്ലബില്‍ ക്രൈംബ്രാഞ്ച് ദിലീപിനെ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു.