കാഠ്മണ്ഡു: നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് നേപ്പാൾ സർക്കാരിലെ മുതിർന്ന മന്ത്രി പ്രേം ആലെ. അതേസമയം, ഭൂരിഭാഗം ജനങ്ങളും അനുകൂലിച്ചാൽ അത് ജനഹിതപരിശോധനയിലൂടെ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് അടുത്തിടെ ടൂറിസം, സാംസ്കാരിക മന്ത്രി പ്രേം ആലെ കാഠ്മണ്ഡുവിൽ വേൾഡ് ഹിന്ദു ഫെഡറേഷന്റെ ദ്വിദിന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഇവിടെ നടന്ന പരിപാടിയിൽ വേൾഡ് ഹിന്ദു ഫെഡറേഷൻ ഉന്നയിച്ച ആവശ്യത്തോട് മന്ത്രി പ്രേം ആലെ പ്രതികരിക്കുകയായിരുന്നു. നേപ്പാൾ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, യുഎസ്, ജർമ്മനി, യുകെ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം പ്രതിനിധികൾ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുത്തു. അഞ്ചു കക്ഷികളുടെ കൂട്ടുകെട്ടുള്ള നിലവിലെ സർക്കാരിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ, നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ജനഹിതപരിശോധനയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
“നമ്മുടെ ഭരണഘടന രാജ്യത്തെ മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, എന്നാൽ ഭൂരിഭാഗം ജനങ്ങളും ഹിന്ദു രാഷ്ട്രത്തിന് അനുകൂലമാണെങ്കിൽ എന്തുകൊണ്ട് നേപ്പാളിനെ ജനഹിതപരിശോധനയിലൂടെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചുകൂടാ,” മന്ത്രി പ്രേം ആലെ ചോദിച്ചു.
2006 ലെ ബഹുജന പ്രസ്ഥാനത്തിൽ രാജവാഴ്ച നിർത്തലാക്കി 2008 ൽ നേപ്പാൾ ഒരു മതേതര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. നേപ്പാള്‍ ജനസംഘ്യയില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. ഇവിടെ നടന്ന പരിപാടിയിൽ വേൾഡ് ഹിന്ദു ഫെഡറേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് അജയ് സിംഗ്, നേപ്പാളിൽ ഹിന്ദു ജനസംഖ്യയുടെ വലിയൊരു ഭാഗം താമസിക്കുന്നതിനാൽ അതിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു.
ചില രാജ്യങ്ങള്‍ക്ക് ഇസ്‌ലാമിക രാഷ്ട്രമായും മറ്റ് രാജ്യങ്ങളെ ക്രിസ്ത്യൻ രാഷ്ട്രമായും പ്രഖ്യാപിക്കുകയും, ജനാധിപത്യ സംവിധാനവും നിലനിർത്തുകയും ചെയ്യാമെങ്കില്‍ എന്തുകൊണ്ട് നേപ്പാളിനെ ഹിന്ദു ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് അജയ് സിംഗ് ചോദിച്ചു. “നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാൻ നേപ്പാളി കോൺഗ്രസ്, സിപിഎൻ-മാവോയിസ്റ്റ് സെന്റർ, സിപിഎൻ-യുഎംഎൽ, മാധേശി പാർട്ടികൾ എന്നിവരോട് ഞാൻ അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.