പാലക്കാട്: കുഴല്‍മന്ദത്ത് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഭരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പീച്ചി സ്വദേശി ഔസേപ്പിനെതിരെ നരഹത്യാ കുറ്റം ചുമത്തി. യുവാക്കളെ ബസ് മനഃപൂര്‍വ്വം ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന ദൃശ്യം പുറത്തുവന്നതോടെ നടത്തിയ പുതിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയത്.
നേരത്തെ ഐപിസി 304(എ) പ്രകാരം ജാമ്യം കിട്ടാവുന്ന മനഃപൂര്‍വ്വമല്ലാത്ത നരഹത്യ എന്ന വകുപ്പാണ് ചുമത്തിയിരുന്നത്. ഇത് റദ്ദാക്കി ഐപിസി 304 പ്രകരം നരഹത്യയ്ക്ക് കേസെടുത്തു. ഡ്രൈവറുടെ ജാമ്യം റദ്ദാകും.
ബസിനു പിന്നാലെ പോയിരുന്ന കാറിന്റെ ഡാഷ് ബോര്‍ഡിലെ കാമറ പകര്‍ത്തിയ വീഡിയോ ദൃശ്യമാണ് അപകടത്തിന്റെ ഭീകരത പുറത്തുകൊണ്ടുവന്നത്്. ദൃക്‌സാക്ഷികളായ മൂന്നു പേരുടെ മൊഴികളും നിര്‍ണായകമായി. ഇതേതുടര്‍ന്ന് ജില്ലാ പോലീസ് മേധാവി നിയോഗിച്ച ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ ഡി.വൈ.എസ്.പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയത്. ഡ്രൈവറുടെ ജാമ്യം റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ഫെബ്രുവരി 7നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് നിന്ന് വടക്കാഞ്ചേരിക്ക സര്‍വീസ് നടത്തിയ കെ.എസ്ആര്‍.ടി.സി ബസ് തട്ടിയാണ് പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ്, കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയന്‍ കുന്ന് സ്വദേശി സബിത്ത് എന്നിവര്‍ മരിച്ചത്.
ലോറി ഇടിച്ചാണ് യുവാക്കള്‍ മരിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കെ.എസ്ആര്‍.ടി.സി ബസ് വലത്തോട്ട് വെട്ടിച്ച് ബൈക്ക് ഇടിച്ചിടുന്ന ദൃശ്യം വ്യക്തമായതോടെയാണ് കേസിന്റെ ഗതി മാറിയത്.
മരിച്ചവരുടെ ബന്ധുക്കള്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.