കൊച്ചി: കര്‍ഷകന്റെ ഒരുതുണ്ട് ഭൂമിപോലും ജപ്തിചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും ജപ്തിനടപടികളുമായിട്ടെത്തിയാല്‍ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ചെതിര്‍ക്കുമെന്നും വിവിധ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി പ്രഖ്യാപിച്ചു.
അസംഘടിത കര്‍ഷകരുടെമേല്‍ കുതിരകയറി എന്തുമാകാമെന്ന് ആരും കരുതരുത്. കര്‍ഷകര്‍ ആരുടെയും അടിമയല്ല. അക്കാലം കഴിഞ്ഞുപോയെന്ന് ഇന്ത്യയിലെ കര്‍ഷകസമൂഹം ഡല്‍ഹിയില്‍ തെളിയിച്ചതാണ്. ഭരണത്തിന്റെയും അധികാരത്തിന്റെയും സര്‍ഫാസി നിയമത്തിന്റെയും മറവില്‍ കര്‍ഷകഭൂമി കയ്യേറാന്‍ ശ്രമിച്ചാല്‍ സംഘടിച്ച് എതിര്‍ക്കാര്‍ കര്‍ഷകര്‍ മുന്നോട്ടുവരണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് പിന്തുണയ്ക്കുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്ത് ചെയര്മാന് ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
സംസ്ഥാന വൈസ്ചെയര്‍മാന്‍ മുതലാംതോട് മണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് വിഷയാവതരണം നടത്തി. 2018 മുതലുണ്ടായ പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും തുടര്‍ന്ന് കോവിഡ് കാലത്തും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായപദ്ധതികളില്‍ കര്‍ഷകരെ അവഗണിച്ചു. ബാങ്കുകളുടെ കര്‍ഷകദ്രോഹനടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇതവസാനിപ്പിക്കണമെന്നും അഡ്വ.ബിനോയ് തോമസ് അഭ്യര്‍ത്ഥിച്ചു. വന്യമൃഗശല്യം അതിരൂക്ഷമാകുമ്പോള്‍ സര്‍ക്കാര്‍ കാലഹരണപ്പെട്ട നിയമങ്ങള്‍ വിളിച്ചറിയിച്ചും കേന്ദ്രസര്‍ക്കാരിനെ പഴിചാരിയും ജനങ്ങളെ വിഢികളാക്കാന്‍ ശ്രമിക്കുന്നത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, ഡോ.ജോസ് കുട്ടി ഒഴുകയില്‍, ജിന്നറ്റ് മാത്യം, ജോയ് കൈതാരം, അഡ്വ. ജോണ്‍ ജോസഫ്, സ്കറിയ നെല്ലംകുഴി, ജോസ് അഞ്ചല്‍, സുനില്‍ മഠത്തില്‍, പി.ജെ ജോണ്‍ മാസ്റ്റര്‍, ഹരിദാസ് കല്ലടിക്കോട്, ഷുക്കൂര്‍ കണാജെ, ഷാജി തുണ്ടത്തില്‍, നൈനാന് തോമസ്, റോസ് ചന്ദ്രന്, ഏനു പി.പി, പോണ്‍സണ്‍ ചാലക്കുടി, അഗസ്റ്റ്യന്‍ വെള്ളാരംകുന്നേല്‍, ആനന്ദന് പയ്യാവൂര്‍ എന്നിവര്‍ സംസാരിച്ചു.
2022 ഏപ്രില്‍ 28ന് കോട്ടയത്തുചേരുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ഒന്നാം കര്‍ഷക കമ്മീഷന്റെ കരട് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്ത് തുടര്‍ നടപടികള്‍ കൈക്കൊള്ളും. റബര്‍ ആക്ട് 2022 സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 9നു മുമ്പ് എല്ലാ കര്‍ഷകസംഘടനകളും റബര്‍ ബോര്‍ഡിനെയും കേന്ദ്ര വാണിജ്യ മന്ത്രാലയത്തെയും അറിയിക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷകസംഘടനകളോട് അഭ്യര്‍ത്ഥിച്ചു.