ഫിലഡല്‍ഫിയ: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനകളിലൊന്നായ കോട്ടയം അസോസിയേഷന്‍, അതിന്റെ പ്രവര്‍ത്തന പന്ഥാവില്‍ ഒരു പുതിയ നാഴിക കല്ലിനു തുടക്കം കുറിച്ചുകൊണ്ട് ഏപ്രില്‍ 30നു (ശനി) വൈകിട്ട് 4.30 നു ആരംഭിക്കുന്ന ചാരിറ്റി ബാങ്ക്വറ്റിനോടനുബന്ധിച്ച് പഠന സഹായ പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്നും 10 കുട്ടികളുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും അടുത്ത അധ്യയന വര്‍ഷം മുതല്‍ കോട്ടയം അസോസിയേഷന്‍ ഏറ്റെടുത്തു നടത്തുന്ന ബ്രഹത്തായ ഈ ചാരിറ്റി പ്രവര്‍ത്തനത്തിന് 6 മാസത്തിലധികമായി ജോബി ജോര്‍ജ്(പ്രസിഡന്റ്) സാജന്‍ വര്‍ഗീസ്(ജനറല്‍ സെക്രട്ടറി), ജോണ്‍ പി. വര്‍ക്കി (ട്രഷറര്‍) , ജീമോന്‍ ജോര്‍ജ്(ചാരിറ്റി കോഓര്‍ഡിനേറ്റര്‍), സണ്ണി കിഴക്കേമുറി, സെറിന്‍ കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള ഉപകമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള പദ്ധതിയുടെ ആരംഭ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലായിരുന്നു.
പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ പഠിച്ച് സമഗ്രമായ അന്വേഷണത്തിലൂടെ വിദ്യാര്‍ഥികളുടെ പഠന കാര്യത്തിലെ ചെലവുകള്‍, വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജുകളില്‍ നിന്നുള്ള പരിപൂര്‍ണ വിവരങ്ങള്‍, അവരുടെ ഭവനത്തിലെ സാമ്പത്തിക സ്ഥിതി അറിയുവാനുള്ള മറ്റു മാര്‍ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ തികച്ചും അന്വേഷണ വിധേയമാക്കി മാത്രമെ ഈ വിദ്യാഭ്യാസ സഹായനിധി അനുവദിക്കുകയുള്ളൂ. കേരളത്തില്‍ നിന്നും ഉള്ള ആര്‍ക്കും ഈ പഠന സഹായപദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ഒരു കാരണവശാലും അപേക്ഷകരുടെ യാതൊരു വിശദാംശങ്ങളും പുറത്തുവിടുകയില്ല.
സാങ്കേതിക വിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഈ പദ്ധതി കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. 2022 ഓഗസ്റ്റ് 31 നു മുന്‍പായി അപേക്ഷകള്‍ പൂര്‍ത്തീകരിച്ച് പദ്ധതി ആരംഭിക്കത്തക്ക രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.
ഇതിനോടകം തന്നെ ഉദാരമതികളായ പല വ്യക്തികളും ഈ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ സാമ്പത്തിക സഹായികളാകുകയും കൂടുതല്‍ ആളുകളെ സഹകരിപ്പിക്കുന്നതിനായി പരിശ്രമിച്ചു വരികയുമാണ്.
ഈ പഠന സഹായപദ്ധതിക്കായി തരുന്ന സാമ്പത്തിക സഹായം മുഴുവനായും ഇതിനു മാത്രമെ വിനിയോഗിക്കുകയുള്ളൂ എന്നും മറ്റു യാതൊരു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കോ ഇതരസംഘടന പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കുകയില്ല എന്നും സംഘാടകര്‍ അറിയിച്ചു. ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് വന്‍ വിജയമാക്കിത്തീര്‍ക്കുവാനായിട്ടുള്ള കൂട്ടായ പരിശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിച്ചു വരികയാണെന്നും ധാരാളം മലയാളി സുഹൃത്തുക്കളുടെ നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ ഒന്നുമാത്രമാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നതെന്നും ധാരാളം പുതുമകള്‍ നിറഞ്ഞ ഈ വര്‍ഷത്തെ ബാങ്ക്വറ്റ് നൈറ്റിന്റെ അവസാനവട്ട മിനുക്കുപണികളുടെ പ്രവര്‍ത്തനങ്ങളിലാണെന്നും പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍ ബെന്നി കൊട്ടാരം അറിയിച്ചു.
ജോസഫ് മാണി, ജെയിംസ് അന്ത്രയോസ്, രാജന്‍ കുര്യന്‍, മാത്യു ഐപ്പ്, രാജു കുരുവിള, ഏബ്രഹാം ജോസഫ്, ജോണ്‍ മാത്യു, സാബു പാമ്പാടി, സാബു ജേക്കബ്, വര്‍ക്കി വര്‍ഗീസ്, ബേബി പാറക്കല്‍, വര്‍ക്കി പൈലോ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചുവരുന്നു.
ഈ പഠനസഹായ പദ്ധതിയുമായോ കോട്ടയം അസോസിയേഷനുമായോ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ ജോബി ജോര്‍ജ് 215 470 2400, സാജന്‍ വര്‍ഗീസ് 215 906 7118, ജോണ്‍ പി. വര്‍ക്കി 215 776 6787 എന്നീ ഭാരവാഹികളുമായോ ബന്ധപ്പെടുക.
അപേക്ഷാ ഫോറങ്ങള്‍ക്ക്: www.kottayamassociation.org, email, kottayamans@gmail.com