ഫ്ലോറിഡ:ഫൊക്കാനയുടെ 2022 -2024 ലെ ഭരണസമിതിയിൽ വൈസ് പ്രസിഡണ്ട് ആയി ഒർലാണ്ടോയിലെ നിന്നുള്ള പ്രമുഖ സംഘടനാ നേതാവ് ചാക്കോ കുര്യൻ മത്സരിക്കുന്നു. ജൂലൈ 7 മുതൽ 11 ഒർലാണ്ടോയിൽ നടക്കുന്ന ഫൊക്കാന ഡിസ്നി വേൾഡ് ഇന്റർനാഷണൽ കൺവെൻഷന്റെ നാഷണൽ ചെയർമാൻ നിലവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായ ചാക്കോ കുര്യൻ.
ഫൊക്കാനയുടെ വിവിധ തലങ്ങളിൽ മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച മുതിര്‍ന്ന നേതാവായ ചാക്കോ കുര്യൻ ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷ(ഓർമ്മ)നെ പ്രതിനിധീകരിച്ചാണ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഒർലാണ്ടോയിൽ അറിയപ്പെടുന്ന സാമൂഹ്യ സംഘടനാ പ്രവർത്തകനായ അദ്ദേഹം മുൻപ് ഫൊക്കാന ഓഡിറ്ററും ആയിരുന്നു. 1999, 2008 വര്‍ഷങ്ങളില്‍ ഓര്‍മയുടെ പ്രസിഡന്റായിരുന്ന ചാക്കോ കുര്യന്‍ ഇപ്പോള്‍ അതിന്റെ അഡ്വൈസറി കമ്മിറ്റി അംഗമാണ്. ലോങ്ങ് ഐലന്റ് കാത്തലിക്ക് അസോസിയേഷന്റെ 1993-1994 വര്‍ഷത്തെ ഡയറക്ടര്‍ ആയിരുന്നു.
ലോക പ്രസിദ്ധമായ അമേരിക്കൻ ടൂറിസത്തിന്റെ സിരാ കേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന ഒർലാൻഡോയിൽ നടക്കുന്ന കൺവെൻഷൻ വൻ വിജയകരമാക്കി മാറ്റുന്നതിന് അശ്രാന്ത പരിശ്രമം നടത്തി വരുന്ന ചാക്കോ കുര്യൻ ഈ വർഷത്തെ കൺവെൻഷനിൽ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് മഹാമാരിക്കുശേഷം ശേഷം നടക്കുന്ന ഈ കൺവെൻഷൻ പുതുമകൊണ്ടും ജനപങ്കാളിത്തംകൊണ്ടും പൊലിമകൊണ്ടും ഒരു ചരിത്ര സംഭവമാക്കാനുള്ള നിയോഗത്തിലാണ് അദ്ദേഹം. ചാക്കോ കുര്യന്റെ നേതൃത്വത്തിൽ കൺവെൻഷനു മുന്നോടിയായി വിവിധ മേഖലകളിൽ നടന്ന കൺവെൻഷൻ കിക്ക് ഓഫ് ചടങ്ങുകൾ രെജിസ്ട്രേഷന്റെ ബാഹുല്യങ്ങൾകൊണ്ടും വൻ തോതിലുള്ള സ്പോൺസർഷിപ്പുകൾകൊണ്ടും ചരിത്ര വിജയകരമായിരുന്നു. ഇന്ന് (ഏപ്രിൽ 2 ന്) നടക്കുന്ന കാനഡ റീജിയണൽ കൺവെൻഷൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവ നഗരമായ ഒർലാണ്ടോയിൽ ഡിസ്‌നി വേൾഡിനു തൊട്ടടുത്തുള്ള ആഡംബര ഹോട്ടൽ ആയ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന ഈ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കായി ഒട്ടേറെ വർണാഭമായ വിസ്മയങ്ങൾകൊണ്ട് നിറയ്ക്കുന്നതിന്റെ ഒരുക്കത്തിലാണ് ചാക്കോ കുര്യന്റെ നേതൃത്വത്തിലുള്ള കൺവെൻഷൻ കമ്മിറ്റി.
സാമൂഹിക രംഗങ്ങളിലെന്നപോലെ ബിസിനസ് രംഗത്തും വൻ നേട്ടങ്ങളുണ്ടാക്കിയ അദ്ദേഹം ജീവിതത്തിൽ നിരവധി നേട്ടങ്ങൾ കൊയ്ത വ്യക്തിത്വത്തിന്റെ ഉടമയാണ്.ഒർലാണ്ടോയിലും സമീപ പ്രദേശങ്ങളിലും നൂറോളം ഗ്യാസ് സ്റ്റേഷനുകളുടെയും വിതരണ ശൃംഖലകളുടെയും ബിസിനസ് പങ്കാളിയായിരിക്കുന്ന അദ്ദേഹം ഇപ്പോൾ റിയൽറ്റി രംഗത്തു മാത്രം തുടരുകയാണ്. ഫ്‌ലോറിഡയിൽ നിരവധി സംഘടനകളുടെ സ്‌പോണ്‍സര്‍ ആയും ചാക്കോ മുന്നിട്ടിറങ്ങാറുണ്ട്.നിരവധി സംഘടനകളുടെ സ്പോൺസർ ആകാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒർലാൻഡോ സെയിന്റ് മേരീസ് കാത്തലിക് പള്ളി വാങ്ങാൻ മുഖ്യ പങ്കു വഹിച്ച അദ്ദേഹം പള്ളി വാങ്ങുന്നതിനുള്ള റിയലെറ്ററും പ്രധാന സ്പോണ്സർമാരിലൊരാളുമായിരുന്നു.
തൻറെ ജീവിതം തന്നെ വിജയഗാഥയായി രചിച്ച അപൂർവ്വം ചില വ്യക്തിത്വങ്ങളിൽ ഒരാളാണ് ചാക്കോ കുര്യൻ. കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടർ ആയി ജീവിതം ആരംഭിച്ച ചാക്കോ 40 വർഷം മുമ്പ് അമേരിക്കയിൽ കുടിയേറുമ്പോൾ നല്ലൊരു ജോലി എന്ന സ്വപ്നം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്ന് തന്റെ ആഗ്രഹം ആദ്യമേ പൂർത്തീകരിക്കപ്പെട്ടത് ട്രാഫിക് പോലീസ് ഓഫീസറുടെ റോളിലായിരുന്നു. 1979 മുതൽ 1982 വരെ നീണ്ടുനിന്ന ആ ജോലിക്കു ശേഷം ന്യൂയോർക്ക് എമർജൻസി മെഡിക്കൽ സർവീസിൽ (NYEMS)ൽ നാലു വർഷം എമർജൻസി മെഡിക്കൽ ടെക്നീഷൻ ആയി ജോലി ചെയ്തു. അന്ന് ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യക്കാരൻ NYEMS ൽ ജോലി ചെയ്‌യുന്നത്.
ഇതിനിടെ നഴ്സിംഗ് പഠിച്ചു പാസ്സായി മെയിൽ നേഴ്സ് ആയി ജോലി ആരംഭിച്ചു. കൂടുതൽ ജോലി സുരക്ഷിതത്വം നോക്കിയായിരുന്നു നഴ്‌സിംഗിലേക്കുള്ള ചുവടുമാറ്റം. ന്യൂയോർക്കിലെ സെയിന്റ് ജോസഫ് മേരി ഇമ്മാക്കുലേറ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് 1994 ഇൽ ഫ്ളോറിഡയിലേക്കു താമസം മാറ്റി. അവിടെ 19 വർഷം ലീസ്‌ബർഗ് റീജിയണൽ മെഡിക്കൽ സെന്ററിൽ ഓപ്പൺ ഹാർട്ട് സർജറി ഡിപ്പാർട്ടുമെൻറ്റിൽ നേഴ്സ് ആയി സേവനം ചെയ്ത ശേഷം എട്ടു വർഷം മുൻപ് വിരമിച്ചു. ഇതിനിടെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബിസിനസ് ഗ്രൂപ്പ് പലയിടത്തായി ഗ്യാസ് സ്റ്റേഷനുകളും വിതരണ ശൃംഖലകളും ആരംഭിച്ചു. ഇപ്പോൾ റിയൽറ്റി രംഗത്തു മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണ് അദ്ദേഹം.
കോട്ടയം മുണ്ടക്കയത്തിനടുത്തു പെരുവന്താനം സ്വദേശിയാണ് ചാക്കോ കുര്യൻ. ഭാര്യ:ഏലിക്കുട്ടി ചാക്കോ നേഴ്‌സിംഗ് രംഗത്ത് പ്രവർത്തിച്ച ശേഷം വിരമിച്ചു. ഡിസ്നി വേൾഡിൽ ഫിനാൻഷ്യൽ കൺസൾട്ടന്റ് ആയിരുന്ന എലിസബത്ത് ചാക്കോ,കൈസർ യൂണിവേഴ്സിറ്റിയിൽ അസ്സിസ്റ്റന്റ് ഡീൻ ആയിരുന്ന ഡയാന ചാക്കോ എന്നിവർ മക്കളാണ്.