നവരാത്രിയിൽ ജനിച്ച പെൺകുഞ്ഞിന്റെ കൈകളിലും കാലുകളിലും മൈലാഞ്ചി നിറം!!

ഹർദ: മധ്യപ്രദേശിലെ ഹർദ ജില്ലയിൽ ജനിച്ച പെൺകുഞ്ഞാണ് ഇപ്പോള്‍ വാർത്തകളിൽ നിറഞ്ഞുനില്‍ക്കുന്നത്. നവരാത്രിയുടെ ആദ്യ ദിനത്തിൽ ജനിച്ച ഈ പെണ്‍കുഞ്ഞിനെ അത്ഭുതത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. പിറന്നുവീണയുടനെ കുട്ടിയുടെ വിരലുകളിൽ മെഹന്ദി (മൈലാഞ്ചി) അടയാളങ്ങൾ കണ്ടതാണ് അവരെ അത്ഭുതപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ രഹത്ഗാവ് ഹെൽത്ത് സെന്ററിലാണ് കുട്ടി ജനിച്ചത്. എന്നാൽ, മാസം തികയാതെയുള്ള പ്രസവം മൂലം കുഞ്ഞിന്റെ വിരലുകളിൽ പാടുകൾ വരാം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

രഹത്ഗാവ് ഹെൽത്ത് സെന്ററിൽ ഈ പെൺകുഞ്ഞ് ജനിച്ചയുടൻ ഡോക്ടർമാരും അമ്പരന്നിരുന്നു. ആവശ്യമായ പരിശോധനകൾക്കും പരിചരണത്തിനും ശേഷം കുട്ടിയെ അമ്മ ജൂഹി ബിശ്വാസിന്റെയും പിതാവ് സൗരഭ് ബിശ്വാസിന്റെയും അടുത്തേക്ക് കൊണ്ടുവന്നപ്പോഴാണ് എല്ലാവരും അമ്പരന്നത്. സമീപവാസികൾ പോലും ഹെൽത്ത് സെന്ററിൽ തടിച്ചുകൂടുന്ന അവസ്ഥയായിരുന്നു എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇത് സാധ്യമാക്കിയത് ദൈവാനുഗ്രഹമാണെന്നാണ് പിതാവിന്റെ ഭാഷ്യം. ശനിയാഴ്ച നവരാത്രിയുടെ ആദ്യ ദിവസമായതിനാൽ ഈ ദിവസം ജനിച്ച ഈ കുട്ടിക്ക് പ്രത്യേകതയുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. യഥാർത്ഥത്തിൽ ദുർഗ്ഗയാണ് ജനിച്ചതെന്നും ആളുകള്‍ പറഞ്ഞുപരത്തി.

അതേ സമയം, തന്റെ വീട്ടിൽ ആദ്യത്തെ കുട്ടി പെൺകുട്ടിയായി ജനിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്നും, കൈകാലുകളില്‍ മൈലാഞ്ചി അടയാളം കണ്ടത് ദൈവിക രാശികളുടെ സംഗമം മൂലമാണെന്നാണ് പിതാവ് പറയുന്നത്. ദേവിയുടെ രൂപമാണെന്നും അദ്ദേഹം പറയുന്നു.

മറുവശത്ത്, മെഡിക്കൽ സയൻസിൽ ഇത് സ്വാഭാവികമാണെന്ന് രഹത്ഗാവ് ഹെൽത്ത് സെന്ററിന്റെ ചുമതലയുള്ള ഡോക്ടർ ഹർഷ് പട്ടേൽ പറയുന്നു. മൈലാഞ്ചി നിറം കൈകാലുകളില്‍ ഉണ്ടെങ്കിൽ കുഞ്ഞ് മാസം തികയാതെ ജനിച്ചതാണെന്നാണ് മനസ്സിലാക്കേണ്ടത്. മാസം തികയാതെയുള്ള പ്രസവം മൂലമാണ് നവജാത ശിശുക്കളിൽ ഇത്തരം അടയാളങ്ങൾ കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, ഏതാനും ദിവസങ്ങൾ അല്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ, ഈ അടയാളം അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News