പാലക്കാട്: സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ജീവിതം വഴിമുട്ടിയ ലോറി ഉടമ തന്റെ വൃക്ക വിൽക്കാനൊരുങ്ങുന്നു. നാഷണൽ പെർമിറ്റ് ലോറി ഉടമ പത്തിരിപ്പാല സ്വദേശി അബ്ദുൾ റഹ്മാനാണ് ഈ ഹതഭാഗ്യന്‍. 21 ലോറികൾ സ്വന്തമായുണ്ടായിരുന്ന അബ്ദുൾ റഹ്മാന് ഇപ്പോൾ ഒരു നാഷണൽ പെർമിറ്റ് ലോറി മാത്രമാണുള്ളത്. ഉടമസ്ഥനും ഡ്രൈവറും അബ്ദുള്‍ റഹ്മാന്‍ തന്നെ.
പ്രവാസിയായിരുന്ന റഹ്മാൻ നാട്ടിലെത്തി സ്വന്തമായി ബിസിനസ് നടത്താനാണ് ലോറികൾ വാങ്ങിയത്. എന്നാൽ, ലോക്ക്ഡൗൺ വന്നതോടെ എല്ലാം താളം തെറ്റി. കടം പെരുകിയപ്പോള്‍ ഒരെണ്ണം നിലനിര്‍ത്തി മറ്റെല്ലാ വാഹനങ്ങളും വില്‍ക്കേണ്ടി വന്നു. കൊറോണയുടെ വരവോടെ, 2021 ഡിസംബർ അവസാനത്തോടെ നികുതി മുഴുവന്‍ അടയ്‌ക്കണമെന്ന നിബന്ധനയോടെ വർഷത്തിൽ 4,040 രൂപ നികുതി അടയ്ക്കാനുള്ള സമയപരിധി സർക്കാർ നീട്ടിക്കൊടുത്തു. എന്നാല്‍, അതും അടയ്ക്കാനായില്ല.
കഴിഞ്ഞ മാർച്ചിൽ പാലക്കാട് ചന്ദ്രനഗറിൽ വെച്ച് അധികൃതര്‍ ലോറി പിടിച്ചെടുത്തു. ടെസ്റ്റിലും നികുതിയിലും വീഴ്ച വരുത്തിയ ലോറിക്ക് പിഴ ചുമത്തി. 12500 രൂപയാണ് ഫൈന്‍ അടച്ചത്. ലോറിയുടെ ടാക്‌സ് അടയ്ക്കാത്തതിനാല്‍ റവന്യൂ റിക്കവറിക്ക് ഓര്‍ഡറായിരുന്നു. റവന്യൂ റിക്കവറി ഒഴിവാക്കാനായി ലക്കടി പേരൂര്‍ രണ്ട് വില്ലേജില്‍ 26319 രൂപ അടച്ചു. എന്നാല്‍ വില്ലേജ് തെറ്റായി രേഖപ്പെടുത്തിയതിനാല്‍ 12 ദിവസം ലോറി പുറത്തേക്കിറക്കാനായില്ല.
മാസമുള്ള ലോറിയുടെ ഇഎംഐ, ടാക്‌സ്, ഇന്‍ഷുറന്‍സ് മുതലായവ ഈ ലോറി ഓടിച്ചുതന്നെ ഉണ്ടാക്കണം. കൂടാതെ ലോറിയുടെ മെയിന്റനന്‍സും നടത്തണം, ഒപ്പം കുടുംബവും. ഒരു ലിറ്റര്‍ ഡീസലിന് 65 രൂപയുണ്ടായിരുന്നപ്പോള്‍ ഉള്ള അതേ വാടക തന്നെയാണ് ഇപ്പോഴും ലോറിക്കാര്‍ ഈടാക്കുന്നത്. ഈ വാടക കൊണ്ട് ഈ വ്യവസായം മുന്നോട്ടുകൊണ്ടുപോകാനാവില്ല.
ജീവിതം വഴിമുട്ടിയപ്പോൾ രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ച റഹ്മാൻ ഇപ്പോൾ ജീവിക്കാൻ വൃക്ക വിൽക്കാനൊരുങ്ങുകയാണ്. ലക്ഷക്കണക്കിന് ലോറി ഉടമകളുടെ സ്ഥിതിയും ഇതുതന്നെയാണെന്ന് റഹ്മാൻ പറയുന്നു.