മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കു വിവാഹ സഹായത്തിനായി പ്രഖ്യാപിച്ച മംഗല്യ നിധിയുടെ ആദ്യ സഹായം ഒരു ലക്ഷം രൂപ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ ടി കെ പുരുഷന് സമ്മാനിച്ചു. പിന്നോക്ക സമൂഹ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹത്തിന്റെ മകളുടെ വിവാഹം നടന്ന മാർച്ച് 27 നു മുൻപ് സഹായം എത്തിച്ചു.
കടുത്തുരുത്തിയിൽ നടന്ന ചടങ്ങിൽ സേവാ ഭാരതിയുടെ കോട്ടയം ജില്ലാ സെക്രട്ടറി കല്ലറ ദിനേശൻ മംഗല്യ നിധി കൈമാറി. മന്ത്രയുടെ പ്രസിഡന്റ് ഹരി ശിവരാമൻ, ഭാരവാഹികളായ ഡോ. മധു പിള്ള, രഞ്ജിത് നായർ തുടങ്ങി ഇതിനു പിന്നിൽ പ്രവർത്തിച്ച മന്ത്രയുടെ ഭാരവാഹികൾക്ക് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
മന്ത്രയുടെ കേരളത്തിലെ മധ്യ മേഖല കോ ഓർഡിനേറ്റർ പ്രസാദ് ഇ കെ ചടങ്ങിൽ പങ്കെടുത്തു. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അശ്വന്ത് മാമാലശ്ശേരിൽ, ബിജെപി കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡൻ്റ് വിനോദ് കുമാർ, ഒബിസി മോർച്ച മണ്ഡലം സെക്രട്ടറി ജിഷ് വട്ടേക്കാട്, രാഹുൽ ടി പി, റോയ് എന്നിവർ സന്നിഹിതരായിരുന്നു.
സാമൂഹ്യമായോ സാമ്പത്തികമായോ പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ മംഗല്യം തടസ്സപ്പെടാൻ ഇടയാകരുത് എന്ന സദുദ്ദേശത്തിൽ, കഴിയാവുന്നിടത്തോളം സഹായം എത്തിക്കാൻ രൂപീകരിക്കുന്ന സഹായനിധിയാണിത്. അർഹിക്കുന്ന കരങ്ങളിൽ എത്തുന്ന വിധം കേരളത്തിലൂടനീളം പ്രാദേശികമായി സന്നദ്ധപ്രവർത്തകരെ സഹകരിപ്പിച്ചുകൊണ്ടാണ് സേവനം എത്തിക്കാൻ ശ്രമിക്കുന്നത്.
മന്ത്രയുടെ പ്രവർത്തനങ്ങളിൽ സേവനത്തിനു മുന്തിയ പരിഗണന നൽകുമെന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു. വിശ്വ സേവാ ഫൗണ്ടേഷൻ, മന്ത്രയുടെ കീഴിൽ സേവന പ്രവർത്തനങ്ങൾക്കു മാത്രമായി രൂപികരിച്ചു കഴിഞ്ഞു. അതിലൂടെ വിവിധ സേവന കർമ്മ പദ്ധതികൾ രൂപീകരിക്കാൻ പദ്ധതിയിടുന്നതായി പ്രസിഡന്റ് ഇലക്റ്റ് ജയ് ചന്ദ്രൻ അറിയിച്ചു. മറ്റു സേവാ പദ്ധതികൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മന്ത്ര സേവാ ചെയർ സുനിൽ വീട്ടിലിന്റെ നേതൃത്വത്തിൽ മേപ്പയൂരിൽ സേവാഭാരതിയുമായി ചേർന്ന് ഇതിനകം തന്നെ വൃദ്ധരായ അമ്മമാർക്ക് വേണ്ടി നിർമിക്കുന്ന മാതൃ സദന നിർമാണത്തിൽ പങ്കാളിയാണ് മന്ത്ര.