കൊല്ലം: പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജങ്ഷനില്‍ മൂന്നുപേര്‍ നടത്തിയ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് പരിക്ക്. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറുമായ ബിജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഞായറാഴ്ച വൈകുന്നേരം 3.30-നാണ് സംഭവം.
ഇന്‍സ്പെക്ടര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തില്‍ കാര്‍ വന്നിടിച്ചതിനെ ചോദ്യംചെയ്തതാണ് മര്‍ദനത്തിനു കാരണം. ബഹളംകേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എന്‍.ജയചന്ദ്രനും പ്രദേശവാസികളുംകൂടി ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി ബന്ധുവീടിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കിയെങ്കിലും അക്രമികള്‍ വീണ്ടും മര്‍ദിച്ചു.
ജയചന്ദ്രന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍ജബ്ബാര്‍, സബ് ഇന്‍സ്പെക്ടര്‍ അനുരൂപ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടറെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പരവൂര്‍ പൂതക്കുളം എ.എന്‍.നിവാസില്‍ മനു (33), കാര്‍ത്തികയില്‍ രാജേഷ് (34), രാമമംഗലത്തില്‍ പ്രദീഷ് (30) എന്നിവരെ പോലീസ് പിടികൂടി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.