തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഉപയോഗിച്ചിരുന്ന ബെന്‍സ് കാര്‍ ഇനി വ്യവസായി എംഎ യൂസഫലിക്ക് സ്വന്തം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനായിരുന്ന ഉത്രാടം തിരുനാള്‍ വര്‍ഷങ്ങളോളം ഉപയോഗിച്ച കാന്‍ 42 എന്ന ബെന്‍സ് കാറാണ് ആത്മബന്ധത്തിന്റെയും സൗഹാര്‍ദത്തിന്റെയും അടയാളമായി യൂസഫലിക്ക് സമ്മാനിക്കുന്നത്. 1955 മോഡല്‍ മെഴ്സിഡസ് ബെന്‍സ് 180 ടി എന്ന കാര്‍ കവടിയാര്‍ കൊട്ടാരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
12,000 രൂപക്കാണ് 1950കളില്‍ കാര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. ജര്‍മനിയിലാണ് നിര്‍മാണം. കര്‍ണാടകയിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. വാഹനപ്രേമിയായ ഉത്രാടം തിരുനാളിന്റെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ഈ ബെന്‍സ്. തന്റെ യാത്രക്ക് ഏറെ ഉപയോഗിച്ചതും ഈ കാര്‍ തന്നെ.
38ാം വയസ്സിലാണ് ഉത്രാടം തിരുനാളിന് കാര്‍ ലഭിക്കുന്നത്. മൊത്തം 40 ലക്ഷം ഉത്രാടം തിരുനാള്‍ വാഹനത്തില്‍ സഞ്ചരിച്ചെന്നാണ് കണക്ക്. അതില്‍ 23 ലക്ഷം മൈലും ഈ ബെന്‍സ് കാറിലായിരുന്നു. ഇത്രയും മൈലുകള്‍ ബെന്‍സ് കാറില്‍ സഞ്ചരിച്ചതിന് ബെന്‍സ് കമ്പനി അദ്ദേഹത്തിന് ഉപഹാരവും പ്രത്യേക മെഡലും നല്‍കി. ഈ മെഡല്‍ കാറിന്റെ മുന്നില്‍ പതിച്ചിട്ടുണ്ട്. 85ാം വയസ്സിലും അദ്ദേഹം ഈ കാര്‍ ഓടിച്ചിരുന്നു.
മോഹവില നല്‍കി കാര്‍ സ്വന്തമാക്കാന്‍ പല പ്രമുഖരും ഉത്രാടം തിരുനാളിനെ സമീപിച്ചെങ്കിലും കാര്‍ കൊടുത്തില്ല. കാര്‍ ഏറ്റെടുക്കാന്‍ ബെന്‍സ് കമ്പനിയും രംഗത്തെത്തി. പകരം രണ്ട് പുത്തന്‍ ബെന്‍സ് കമ്പനി വാഗ്ദാനം ചെയ്തിട്ടും ഉത്രാടം തിരുനാള്‍ കുലുങ്ങിയില്ല. തന്റെ ആസ്മസുഹൃത്ത് എം എ യൂസഫലിക്ക് കാര്‍ കൈമാറാനാണ് ഒടുവില്‍ ഉത്രാടം തിരുനാള്‍ തീരുമാനിച്ചത്. 2021ല്‍ യൂസഫലി കവടിയാര്‍ കൊട്ടാരത്തിലെത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ യൂസഫലിയെ അറിയിച്ചു. യൂസഫലിയുടെ അബൂദാബിയിലെ വീട്ടില്‍ ഉത്രാടം തിരുനാള്‍ നേരത്തെ സന്ദര്‍ശനം നടത്തിയിരുന്നു.
ഉത്രാടം തിരുനാളിന്റെ മരണശേഷമാണ് കാര്‍ യൂസഫലിക്ക് സമ്മാനിക്കാന്‍ കുടുംബം തീരുമാനിച്ചത്. കാര്‍ മകന്‍ പത്മനാഭ വര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്.