ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ വിവാദ പരാമർശം നടത്തിയ ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) നേതാവ് തേജീന്ദർ പാൽ സിംഗ് ബഗ്ഗ ഒളിവില്‍ പോയി.
മൊഹാലിയിലെ സൈബർ ക്രൈം പോലീസ് സ്‌റ്റേഷനിൽ ബിജെവൈഎമ്മിന്റെ ദേശീയ സെക്രട്ടറി തേജീന്ദർ പാൽ സിംഗ് ബഗ്ഗയ്‌ക്കെതിരെ എഎപി നേതാവ് ഡോ. സണ്ണി സിംഗ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ബഗ്ഗ ഒളിവില്‍ പോയതെന്നാണ് സൂചന.
തനിക്കെതിരായ എഫ്‌ഐആർ സംബന്ധിച്ച് ബഗ്ഗയും ട്വീറ്റ് ചെയ്തു. ഒന്നല്ല 100 എഫ്‌ഐആറുകൾ ഫയല്‍ ചെയ്താലും കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയിൽ കെജ്‌രിവാൾ ചിരിക്കുകയാണെങ്കിൽ ഞാൻ സംസാരിക്കും. അതിന്റെ അനന്തരഫലങ്ങൾ നേരിടാൻ ഞാൻ തയ്യാറാണെന്ന് ബഗ്ഗ തന്റെ ട്വീറ്റിൽ കുറിച്ചു. ഞാൻ കെജ്‌രിവാളിനെ വിടാൻ പോകുന്നില്ലെന്നും മൂക്കിനു മുന്നില്‍ നിര്‍ത്തുമെന്നും ബഗ്ഗ കുറിച്ചു.
നേരത്തെ ഛത്തീസ്ഗഡിലും തേജീന്ദർ പാൽ സിംഗ് ബഗ്ഗയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനായിരുന്നു അത്.
കാങ്കർ ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പങ്കജ് വാധ്‌വാനി ബഗ്ഗയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. സംസ്‌കാരമില്ലാത്ത ബിജെപി നേതാക്കളുടെ അപകീർത്തികരമായ പരാമർശങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് പങ്കജ് വാധ്വാനി ട്വീറ്റ് ചെയ്തിരുന്നു.