അയോദ്ധ്യ-ഗോരഖ്പൂർ ദേശീയപാതയിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ബസിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. 30ലധികം യാത്രക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ബസിലെ യാത്രക്കാർ ഡൽഹിയിൽ നിന്ന് ബസ്തിയിലേക്കും സിദ്ധാർഥ് നഗറിലേക്കും പോകുകയായിരുന്നുവെന്നാണ് വിവരം.
അയോദ്ധ്യയിലെ കാന്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ മുംതാസ് നഗറിന് സമീപം ദേശീയ പാതയിലാണ് അപകടം. പരിക്കേറ്റവരില്‍ 12 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് യാത്രക്കാരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിയാനായിട്ടില്ല. 35 വയസ്സുള്ള സിദ്ധാർത്ഥനഗറിൽ താമസിക്കുന്ന രമേശ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച മറ്റു രണ്ടുപേരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.
പഞ്ചം റായ്, പ്രവീൺ കുമാർ, അൻഷിക, ഋഷി ഗുപ്ത, ഋഷഭ് ത്രിപാഠി, അനിത, താരാദേവി, ഓം കുമാർ, ബിസു എന്നിവരാണ് ഗുരുതരമായി പരിക്കേറ്റവര്‍. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാറും സീനിയർ പോലീസ് സൂപ്രണ്ട് ശൈലേഷ് കുമാർ പാണ്ഡെയും സംഭവസ്ഥലത്തെത്തി ജില്ലാ ആശുപത്രിയിലും പരിശോധന നടത്തി. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.