കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ ഉടൻ പൂർത്തിയാക്കാനാകില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം.
താനൊഴികെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുവെന്ന് പള്‍സര്‍ സുനി ജാമ്യാപേക്ഷയില്‍ പറയുന്നു. നാലാം പ്രതി വിജീഷിന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇതോടെ കേസില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നത്.
സമാന കുറ്റം ചെയ്ത കേസിലെ മറ്റ് പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും വിജീഷ് ഹർജിയിൽ പറഞ്ഞിരുന്നു. വിചാരണ നടക്കുന്ന കേസിൽ ജാമ്യം ലഭിക്കാതെ പ്രതികളെ ജയിലിൽ അടയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. നടിയെ ആക്രമിച്ച സംഘത്തിൽ പൾസർ സുനിക്കൊപ്പം വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു.