മൂവാറ്റുപുഴ: മൂവാറ്റുപുഴ ജപ്തി വിഷയത്തില്‍ അജേഷിനായി സ്വരൂപിച്ച് ബാങ്കിലടച്ച പണം തിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം. അജേഷ് സഹായം നിരസിച്ച സാഹചര്യത്തില്‍ അടച്ച പണം തിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാരോട് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് നിര്‍ദേശം നല്കി.
സഹായം വേണ്ടെന്ന് വെച്ചത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് സി പി അനില്‍ പറഞ്ഞു. അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വായ്പാ തുക പിരിവിട്ടെടുത്ത് തിരിച്ചെടുക്കുകയായിരുന്നു ഇന്നലെ ബാങ്ക് ജീവനക്കാര്‍ ചെയ്തത്. എന്നാല്‍ ഈ തുക വേണ്ടെന്ന് അജേഷ് നിലപാട് അറിയിച്ചതോടെയാണ് തുക പിന്‍വലിക്കേണ്ടി വന്നത്.
വീടിന്റെ വായ്പാ ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന തിരിച്ചടയ്ക്കുകയാണെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടക്കാന്‍ തയ്യാറായത്. ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ സാമൂഹ്യ മാധ്യമത്തിലൂടെയാണ് വിവരം അറിയിച്ചത്.
ബാങ്ക് ജീവനക്കാര്‍ അടയ്ക്കാന്‍ തീരുമാനിച്ച തുക വേണ്ടെന്ന് അജേഷ് പറഞ്ഞു. മാത്യു കുഴല്നാടന് എം എല്‍ എ ബാധ്യത ഏറ്റെടുത്ത ശേഷമാണ് ജീവനക്കാര്‍ രംഗത്ത് വന്നത്. സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും തന്റെ കുടുംബത്തെയും സോഷ്യല്‍ മീഡിയ വഴി അപമാനിച്ചു. തന്നെ അപമാനിച്ചവരുടെ സഹായം തനിക്ക് വേണ്ടെന്നും അജേഷ് പറഞ്ഞു.
താന്‍ മദ്യപാനിയാണെന്ന് സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും പറഞ്ഞ് പരത്തി. പല തവണ ബാങ്കില്‍ കയറി ഇറങ്ങിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ജീവനക്കാര്‍ ഇപ്പോള്‍ രംഗത്ത് വരുന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണ്. ഇത്രയും നാള് ജീവനക്കാര്‍ തന്റെ വാക്കുകള്‍ കേള്‍ക്കാള്‍ കൂടി തയ്യാറായിരുന്നില്ല എന്നും അജേഷ് പറഞ്ഞു.
ഹൃദ്രോഗിയായ അജേഷ് ആശുപത്രയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്ഡ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല.