ന്യൂഡൽഹി: ഐടി റൂൾസ് 2021 പ്രകാരം എമർജൻസി പവർ ഉപയോഗിച്ച് 22 യൂട്യൂബ് ചാനലുകൾ, മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു ന്യൂസ് പോർട്ടൽ എന്നിവ ബ്ലോക്ക് ചെയ്യാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉത്തരവിട്ടു. ഇന്ത്യയുടെ സുരക്ഷ, വിദേശനയം, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ട സെൻസിറ്റീവായ കാര്യങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ഈ അക്കൗണ്ടുകളും ചാനലുകളും ഉപയോഗിച്ചതായി മന്ത്രാലയം അറിയിച്ചു.
ഇതേ ഐടി നിയമങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ യൂട്യൂബ് ചാനലുകളിൽ ആദ്യമായാണ് നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഐടി റൂൾസ് 2021 ന്റെ വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം 18 ഇന്ത്യൻ, 4 പാക്കിസ്ഥാനി യൂട്യൂബ് ചാനലുകൾ നിരോധിച്ചിട്ടുണ്ട്.
എല്ലാ വിഷയങ്ങളിലും വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ഇതേ യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചിരുന്നതായി പറയുന്നു. പ്രത്യേകിച്ച് ഇന്ത്യൻ ആർമി, ജമ്മു കശ്മീർ തുടങ്ങിയ വിഷയങ്ങളിൽ ഈ ചാനലുകൾ വഴി വ്യാജ പോസ്റ്റുകൾ ഉണ്ടാക്കുന്നുണ്ടായിരുന്നു. എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും പോസ്റ്റ് ചെയ്യുന്ന ഇന്ത്യാ വിരുദ്ധ ഉള്ളടക്കവും ബ്ലോക്ക് ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ, ഉക്രെയ്നിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ഇന്ത്യൻ യൂട്യൂബ് ചാനലുകളും പങ്കിട്ടതായി കണ്ടെത്തി.
മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ മോശമായി ചിത്രീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചാനലുകളില് പോസ്റ്റുകൾ ഇടുന്നതെന്നാണ് ആരോപണം. ഈ തീരുമാനത്തോടെ, മന്ത്രാലയം കഴിഞ്ഞ വർഷം ഡിസംബർ മുതൽ 78 യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തു. അതോടൊപ്പം, രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചും പൊതുജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരോധിച്ചു.
ആധികാരികവും വിശ്വസനീയവും സുരക്ഷിതവുമായ ഓൺലൈൻ വാർത്താ മാധ്യമ അന്തരീക്ഷം ഉറപ്പാക്കാൻ ഇന്ത്യാ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ദേശീയ സുരക്ഷയും വിദേശബന്ധങ്ങളും പൊതു ക്രമവും തകർക്കാനുള്ള ഏതൊരു ശ്രമവും തടയുമെന്നും മന്ത്രാലയം അറിയിച്ചു.