കൊച്ചി: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് ഒന്നരമാസത്തിനുള്ളില്‍ എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ നാല് പേരാണ് കേസിലെ പ്രതികള്‍. സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പാറാട്ട് അബ്ദുല്‍ റഹ്മാന്‍, സിപിഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പാറാട്ട് സൈനുദീന്‍, നെടുങ്ങാടന്‍ ബഷീര്‍, വല്യപറമ്പില്‍ അസീസ് എന്നിവരാണ് പ്രതികള്‍. കൊലക്കുറ്റത്തിന് പുറമേ എസ്സി , എസ്ടി വകുപ്പ് പ്രകാരമുളള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ട്വന്റി ട്വന്റിക്കൊപ്പം ചേര്‍ന്ന് സിപിഎമ്മിനെതിരെ സമരം നടത്തിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ദീപുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഫെബ്രുവരി12 നാണ് സംഭവം നടന്നത്. പി.വി. ശ്രീനിജന്‍ എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ട്വന്റി ട്വന്റി സമരം നടത്തിയരുന്നു. രാത്രി ഏഴിന് വിളക്കുകള്‍ അണച്ചു കൊണ്ടായിരുന്നു സമരം. സമരത്തിനിടെ പ്രതികള്‍ ദീപുവിനെ ക്രൂരമായി മര്‍ദിച്ചു. ഗുരുതര പരിക്കേറ്റ ദീപുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ തലക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് ദീപു മരണത്തിന് കീഴടങ്ങി.