തിരുവല്ല: സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കെ.വി. തോമസ് കുടുങ്ങരുതെന്നു ചെറിയാന്‍ ഫിലിപ്പ്. പ്രണയം നടിച്ച് അടുത്തു കൂടി രക്തം ഊറ്റി കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം എന്നു ചെറിയാന്‍ ഫിലിപ്പ് വിമര്‍ശിച്ചു. ചെറുപ്പം മുതല്‍ ഇംഎസ്എസ് ഉള്‍പ്പടെയുള്ളവര്‍ തന്നെ സിപിഎമ്മിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്നേഹം വ്യാജമാണെന്നു സഹയാത്രികനായതിനു ശേഷമാണ് ബോധ്യമായത്.ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. ജനാധിപത്യ സംസ്‌കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി. തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാകില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കുമെന്നാണ് കെ.വി. തോമസ് പറഞ്ഞിരിക്കുന്നത്. രാവിലെ 11ന് അദ്ദേഹം പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.