ദുബായ്: ദുബായിയിലെ പൊതു-സ്വകാര്യ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കാന്‍ പുതിയ നിയമം പുറപ്പെടുവിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം. പുതിയ നിയമ പ്രകാരം ദുബായിലെ ജുഡീഷല്‍ സ്ഥാപനങ്ങള്‍ മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വരെ ഗുണഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനം ലഭ്യമാക്കും.
ദുബായ് ഡിജിറ്റല്‍ അഥോറിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ സേവനം നല്‍കേണ്ടത്. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി സ്ഥാപനങ്ങള്‍ തങ്ങളുടെ ഡിജിറ്റല്‍ സേവനം സര്‍ക്കാര്‍ സ്ഥാപനത്തിനോ, സ്വകാര്യ സ്ഥാപനത്തിനോ പുറം ജോലി കരാര്‍ നല്‍കാമെന്നും നിയമം വ്യക്തമാക്കുന്നു.
ഡിജിറ്റല്‍ സേവനങ്ങള്‍ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാക്കണം.ഡിജിറ്റല്‍ സേവനങ്ങള്‍ ഉപഭോക്തൃ സൗഹൃദമായിരിക്കണം. കാഴ്ച പരിമിതിയുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ഫീസ് നല്‍കാതെ തന്നെ ഈ സേവനങ്ങള്‍ ലഭിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്.