വാഷിംഗ്ടണ്‍: തങ്ങളുടെ ഏറ്റവും വലിയ രണ്ട് ബാങ്കുകൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധത്തെ റഷ്യ അപലപിച്ചു. അത് റഷ്യൻ ജനതയ്ക്കും സാധാരണ പൗരന്മാർക്കും നേരെയുള്ള പ്രഹരമാണെന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്റോനോവ് ബുധനാഴ്ച പ്രസ്താവന നടത്തി.
റഷ്യ ഉക്രെയ്നില് നടത്തിയ അധിനിവേശത്തെത്തുടര്‍ന്ന് സ്ബെർബാങ്കിനും ആൽഫ-ബാങ്കിനുമെതിരെ വാഷിംഗ്ടൺ പുതിയ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അംബാസഡറുടെ പ്രസ്താവന.
“ഭരണകൂടത്തിന്റെ നോൺ-സ്റ്റോപ്പ് ഉപരോധ ആക്രമണങ്ങൾ യു എസിന്റെ യഥാർത്ഥ അഭിലാഷങ്ങൾ കാണിക്കുന്നു. മിക്ക റഷ്യക്കാരും തങ്ങളുടെ സമ്പാദ്യം സൂക്ഷിക്കുന്ന Sberbank, Alfa-Bank എന്നിവയ്ക്കെതിരായ നിയന്ത്രണങ്ങൾ തന്നെ അതിനുദാഹരണമാണ്. അത് റഷ്യന്‍ ജനതയ്ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ്, ” അദ്ദേഹത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു.
“പുതിയ ഉപരോധം ഏർപ്പെടുത്തുന്നതിലൂടെ, വാഷിംഗ്ടൺ ആഗോള സമ്പദ്വ്യവസ്ഥയെ നശിപ്പിക്കുന്നത് തുടരുകയാണ്. ഇത് ഞങ്ങളുമായുള്ള പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള വിദേശ പങ്കാളികളുടെ സാധ്യതകളെ തുരങ്കം വയ്ക്കുന്നു. നിലവിലെ സാമ്പത്തിക പ്രക്ഷുബ്ധ കാലഘട്ടത്തിൽ ആവശ്യമായ വരുമാനമില്ലാതെ വിദേശ ബിസിനസിനെ അത് ബാധിക്കും,” അംബാസഡർ കൂട്ടിച്ചേർത്തു.
റഷ്യയുടെ പൊതു കടം വീട്ടുന്നത് ബുദ്ധിമുട്ടാക്കാനുള്ള യുഎസിന്റെ ശ്രമങ്ങൾ അമ്പരപ്പിക്കുന്നതാണെന്ന് അന്റോനോവ് പറഞ്ഞു. “റഷ്യയുടെ പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ആഗ്രഹമാണ് മോസ്കോ ഈ ശ്രമങ്ങളെ കാണുന്നത്, വാഷിംഗ്ടൺ നിർമ്മിച്ച സാമ്പത്തിക തടസ്സങ്ങൾക്കിടയിലും അത് തുടരുന്നു,” അദ്ദേഹം പറഞ്ഞു.