പത്തനംതിട്ട: നരിയാപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. പടുകോട്ടുക്കൽ സ്വദേശികളായ പ്രജിത്ത്, വിഷ്ണു, നിതിൻ, പറക്കോട് സ്വദേശി ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളിൽ ഭൂരിഭാഗവും ക്രിമിനൽ പശ്ചാത്തലമുള്ളവരും കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളുമാണെന്ന് പോലീസ് പറഞ്ഞു.
വള്ളിക്കോട് തൃക്കോവിൽ തൃപ്പാറ തെക്കേ തുണ്ടുപറമ്പിൽ നിധിൻ കുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ നിധിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ് ഇതു വരെ അപകടനില തരണം ചെയ്തിട്ടില്ല.
കളിത്തോക്കിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് വഴിയൊരുക്കിയത്. കളിത്തോക്ക് വാങ്ങിയതിനെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ ഉത്സവപ്പറമ്പിൽ വെച്ച് ചെറിയ ഉന്തും തള്ളുമുണ്ടായി. അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങിയ നിധിനേയും സുഹൃത്തുക്കളേയും കാറിലെത്തിയ പ്രതികൾ ഇടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടുകയായിരുന്നു.
നരിയാപുരം സെന്റ് പോൾസ് സ്കൂളിന് സമീപമായിരുന്നു ആക്രമണം. ആയുധധാരികളായ സംഘം ഭീഷണിയുമായി എത്തിയതോടെ നിധിന്റെ കൂട്ടാളികൾ ഓടി രക്ഷപ്പെട്ടു. നിധിന്റെ തലയിലും തോളിലും ആഴത്തിലുള്ള മുറിവുകളുണ്ട്.