തിരുവനന്തപുരം: ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് ബിരുദം വ്യാജമാണെന്ന ഹർജി ലോകായുക്ത തള്ളി. ബിരുദങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ലോകായുക്ത ഉത്തരവിട്ടു.
കേസിലെ പരാതിക്കാർക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു. ഷാഹിദാ കമാലിന് ഡോക്ടറേറ്റോ ബിരുദമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തക അഖില ഖാനാണ് ഹർജി നൽകിയത്.
അതേസമയം ഷാഹിദ കമാലിനെതിരെയും ലോകായുക്ത വിമര്‍ശനം ഉന്നയിച്ചു. വനിതാ കമ്മീഷന് അംഗമാകുന്നത് മുമ്പ് ഷാഹിദയുടെ നടപടി പൊതുപ്രവര്‍ത്തകര്‍ക്ക് ചേരാത്തതാണെന്നായിരുന്നു വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
ഷാഹിദ കമാല്‍ കമ്മീഷന് അംഗമായ ശേഷമാണ് ഡി ലിറ്റ് നേടിയത്. ഇത് വ്യാജമാണെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാലും ലോകായുക്തയില്‍ സമ്മതിച്ചിരുന്നു.
തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നല്കിയ ഷാഹിദ കമാലിന് വനിതാ കമ്മിഷനംഗമായി തുടരാനാകില്ലെന്ന് പരാതിക്കാരി വാദിച്ചിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയ ഷാഹിദ കമാലിനെ വനിതാ കമ്മീഷനില്‍ നിന്നും പുറത്താക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.