ചില കാര്യങ്ങളിൽ രണ്ടഭിപ്രായം ഉണ്ടാവുക വയ്യ! അമേരിക്കൻ മലയാളി എഴുത്തുകാരിൽ അഗ്രഗണ്യൻ ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു! രണ്ടായിരത്തി ഇരുപത് ഏപ്രിൽ ഒൻപതിന് അകാലത്തിൽ നമ്മോടു വിടപറഞ്ഞ തൂലികാവല്ലഭനായ ജോസഫ് പടന്നമാക്കല്‍!
അദ്ദേഹത്തിൻറെ ആകസ്മികമായ വേർപാട് സൃഷ്ടിച്ച ശൂന്യതയും വ്യാകുലതയും എന്നും നമ്മെ മഥിച്ചുകൊണ്ടിരിക്കും. അതിൽ നിന്നൊരു മോചനം നമുക്കാർക്കും ഉടനെ നേടാനാവില്ല. കരണീയമായിട്ടുള്ളത്, അദ്ദേഹത്തിൻറെ സാഹിത്യ സംഭാവവനകളെ സ്മരിച്ചുകൊണ്ടും ആദരിച്ചുകൊണ്ടും മഹത്തായ ആ ജന്മത്തെ ആഘോഷിക്കുക എന്നതാണ്!
മതം തൊട്ട് മാർക്സിസം വരെയുള്ള വിഷയങ്ങൾ അദ്ദേഹത്തിൻറെ തൂലികാചലനത്തിൽ മിഴിവേൽക്കുന്ന മാജിക് മിഴിച്ചുകണ്ടാസ്വദിക്കാൻ അവസരം ലഭിച്ചവരാണ് അമേരിക്കൻ മലയാളികൾ.
രാജഭരണത്തിൻറെ ഇനിപ്പും കയ്പ്പും രുചിച്ചറിയാൻ ഇടയാകാത്തവർക്കുപോലും തിരുവിതാംകൂറിലെ പ്രജാവത്സരായ രാജാക്കന്മാരുടെയും രാഞ്ജിമാരുടെയും വാഴ്ചക്കാലത്തെപ്പറ്റിയും, നിവത്തനപ്രസ്ഥാനത്തെപ്പറ്റിയും, ദിവാൻ സർ സി പി രാമസ്വാമി അയ്യർക്കെതിരായുള്ള സമരങ്ങളെപ്പറ്റിയുമുള്ള വർണ്ണനകൾ രാജഭരണക്കാലത്തെ കുറിച്ചുള്ള അദ്ദേഹത്തിൻറെ ഒന്നിലധികം ലേഖനങ്ങളിൽ ലഭ്യമാണ്.
മലയാളത്തിൻറെ ദേശീയോത്സവമായ ഓണത്തെപ്പറ്റിയുള്ള അദ്ദേഹത്തിൻറെ ഈടുറ്റ ലേഖനങ്ങൾ വായനക്കാരനെ പുളകമണിയിക്കാൻ പോരുന്നവയാണ്.
കേരളത്തിലും, ഭാരതത്തിലും, ലോകത്തിൻറെ ഇതരഭാഗങ്ങളിലും മതത്തിൻറെയും ദൈവത്തിൻറെയും നാമത്തിൽ നിരന്തരം അരങേറുന്ന തീവ്രവാദങ്ങളെയും ഭീകരപ്രവർത്തികളെയും ചൂണ്ടിക്കാണിക്കുകയും അപലപിക്കുകയും ചെയ്യുന്ന അദ്ദേഹത്തിൻറെ ലേഖനങ്ങൾ മനസാക്ഷിയുള്ളവരെ ചിന്താധീനരാക്കും. ക്രിസ്തുവിൻറെ സ്നേഹവും കരുണയും കരുതലും കൈമുതലാണെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ക്രിസ്തീയ സഭകളിൽ സമ്പത്തിനും സ്ഥാനമാനങ്ങൾക്കും അധികാരത്തിനുവേണ്ടി നടമാടുന്ന കോടതിവഴക്കുകളും തമ്മിത്തല്ലുകളും അപലപിക്കുന്ന അദ്ദേഹത്തിൻറെ ലേഖനങ്ങൾ ക്രിസ്തുവിൻറെ യഥാർഥ അനുയായികളെ അസ്വസ്ഥരാക്കും! സ്നേഹത്തിൻറെയും എളിമയുടെയും കരുണയുടെയും കരുതലിൻറെയും കാതലായ ദൈവത്തിൻറെ പ്രതിനിധികൾ എന്നവകാശപ്പെടുന്ന പൗരോഹിത്യം കാട്ടിക്കൂട്ടുന്ന അധാർമ്മിക പ്രവർത്തികൾ എടുത്തുകാണിക്കുന്നതിനും എതിർക്കുന്നതിനും അദ്ദേഹം എന്നും ധൈര്യപ്പെട്ടിരുന്നു. ആ ധൈര്യം അദ്ദേഹത്തിന് അനേകം ശത്രുക്കളെ നേടിക്കൊടുത്തത് പരസ്യമായ രഹസ്യം!
“മതം – മനുഷ്യനുവേണ്ടിയോ! അതോ മഅനുഷ്യൻ മതത്തിനുവേണ്ടിയോ!”, “മെക്സിക്കോയിലെ കത്തോ ലിക്കാമതവും, രക്തച്ചൊരിച്ചിലുകളും ഉയർത്തുന്ന ചോദ്യങ്ങൾ” തുടങ്ങിയ ലേഖനങ്ങൾ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.
പല എഴുത്തുകാരുടെയും തൂലികക്കു വഴങ്ങാത്ത ഹിജഡകളുടെയും , ദളിതരുടെയും മറ്റു പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവശതകളും ആശങ്കകളും ആവശ്യങ്ങളും പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ തൂലിക ചലിപ്പിക്കുന്നതിൽ അദ്ദേഹം അഭിരമിച്ചിരുന്നു.
ചിരിക്കുടുക്കയായ മാർ ക്രിസ്റ്റോറ്റം തിരുമേനി, തമിഴ് നാടിൻറെ പ്രണയമായിരുന്നു പുരട്ച്ചി തലവി ജയലളിത, മലയാളത്തിൻറെ വോളിബാൾ ഇതിഹാസമായിരുന്ന ജിമ്മി ജോർജ് , വിവാദ പുരുഷനായ ടിപ്പു സുൽത്താൻ എന്നിവരെ ആദരിക്കുന്നതിനും അദ്ദേഹത്തിൻറെ തൂലിക ചലിച്ചു.
കന്യാസ്‌ത്രീമഠങ്ങളിലെ മിണ്ടാപ്രാണികളായ ജീവിതങ്ങളുടെ പൗരോഹിത്യമേധാവിത്വത്തിനടിമപ്പെട്ടും അവരുടെ ഇച്ഛകൾക്കും ഇംഗിതങ്ങൾക്കു വഴങ്ങിയുമുള്ള ജിവിതത്തിൻറെ കഥനകഥകൾ വിവരിക്കുന്ന അദ്ദേഹത്തിൻറെ ലേഖനങ്ങൾ കരളലിയിപ്പിക്കുന്നവയാണ്. പുരോഹിത സൃഷ്ടിയായ, കത്തോലിക്കാസഭയുടെ, കാനോൻ നിയമങ്ങളും, സ്ത്രീവിദ്വേഷികളായ ചില സഭാ തലവന്മാരുണ്ടാക്കിവച്ച സ്ത്രീവിരുദ്ധാശയങ്ങളും വികലമായ ലൈംഗിക സിദ്ധാന്തങ്ങളും വിമർശനവിധേയമാക്കുന്നതിന് തൂലിക ചലിപ്പിക്കാൻ പടന്നമാക്കല്‍ മടിക്കുന്നില്ല.
ഭാരതത്തിലെ അക്രൈസ്തവർക്കിടയിൽ ക്രിസ്തുമതത്തോട് അവജ്ഞയുളവാക്കുന്നവിധത്തിലുള്ള ക്രിസ്തീയ സഭകളുടെയും സഭാപിതാക്കന്മാരുടെയും അധാർമ്മിക പ്രവര്‍ത്തികള്‍ പടന്നമാക്കലിന്റെ മൂർച്ചയേറിയ തൂലിക നിശിത വിമർശനത്തിന് വിധേയമാക്കുന്നു.
ഭാരതത്തിലെ ജാതിവ്യവസ്ഥയെയും, അമേരിക്കയിൽ നിലവിലുരുന്ന അടിമത്ത സംസ്ക്കാരത്തെയും, ഇന്നും നിലച്ചിട്ടില്ലാത്ത വർണ്ണവിവേചനത്തെയും, സംഘടിത മതങ്ങൾ പുലർത്തുന്ന സ്ത്രീവിവേചനത്തെയും കൽപ്പിക്കുന്ന വിലക്കുകളെയും അദ്ദേഹത്തിൻറെ ചില ലേഖനങ്ങളിൽ അതിനിശിതമായി അപലപിച്ചിരിക്കുന്നതായി കാണാം.
ഫ്രാൻസിസ് തടത്തിലിന്റെ “നാലാം തൂണിനപ്പുറം”, പണിക്കവീട്ടിലിന്റെ “സുധീറിൻറെ കഥകൾ” ജോൺ വേറ്റത്തിൻറെ”കാലത്തിൻറെ കാൽപ്പാടുകൾ” തുടങ്ങിയ രചനകൾക്ക് പടന്നമാക്കല്‍ എഴുതിയ അവലോകനങ്ങൾ അദ്ദേഹത്തിൻറെ വിമർശനപടുത്വം പ്രകടമാക്കാൻ പോരുന്നവയാണ്. വെറും വിമർശനമല്ല പ്രതുതാ, കൃതികളുടെ ആകപ്പാടെയുള്ള ശ്രേഷ്ഠതയുടെയും ചാരുതയുടെയും അളവും ആസ്വാദനവുമാണ് ശ്രി. പടന്നമാക്കൻറെ വിമർശനത്തിൻറെ കാതൽ. അദ്ദേഹത്തിൻറെ അവലോകനങ്ങളിലൂടെയാണ് പടന്നമാക്കല്‍ എന്ന സാഹിത്യകാരനെ ദർശിക്കാൻ നമുക്കു അവസരം കൈവരുന്നത്.
“മക്കളും, മാതാപിതാക്കളും, പിരിമുറുക്കങ്ങളും.”മക്കളുള്ള എല്ലാ മാതാപിതാക്കളും ആവശ്യം വായിച്ചിരിക്കേണ്ട, പടന്നമാക്കലിന്റെ ഒരു ലേഖനത്തിൻറെ ശീർഷകമാണിത്.
വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി മുന്നൂറിലധികം ഈടുറ്റ ലേഖനങ്ങൾ മലയാളിക്കു കാഴ്ചവച്ചിട്ടാണ് ആ മനുഷ്യ സ്‌നേഹി മണ്മറഞ്ഞത്. അക്കാര്യത്തിൽ അദ്ദേഹത്തോടുള്ള നമ്മുടെ കടപ്പാടിൻറെ സ്മരണ പുതുക്കാൻ ഈ വാർഷികം ഇടയാക്കട്ടെ!