ടൊറന്റോ: ടൊറന്റോ സബ്‌വേ സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ 21 കാരനായ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ദുഃഖം രേഖപ്പെടുത്തി. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. കുടുംബത്തിന് എന്റെ ഹൃദയംഗമമായ സഹതാപം അറിയിക്കുന്നു എന്ന് ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.
ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിന് സമീപമുള്ള ഷെർബോൺ സബ്‌വേ സ്റ്റേഷന്റെ പ്രവേശന കവാടത്തിന് സമീപം കാർത്തിക് വാസുദേവിന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വെടിയേറ്റത്.
ടൊറന്റോ പോലീസ് പറയുന്നതനുസരിച്ച്, ഷെർബോൺ ടിടിസി സബ്‌വേ സ്റ്റേഷനിൽ ഒന്നിലധികം വെടിയേറ്റ കാര്‍ത്തികിനെ ആദ്യം ഒരു ഓഫ് ഡ്യൂട്ടി പാരാമെഡിക്ക് പരിചരിക്കുകതും പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ആയുധവുമായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട കറുത്ത വർഗക്കാരനെ പോലീസ് തിരയുന്നു. ആക്രമണത്തിന്റെ പ്രചോദനം അജ്ഞാതമാണ്.
സെനെക കോളേജിൽ മാർക്കറ്റിംഗ് മാനേജ്‌മെന്റ് ബിരുദത്തിന് ചേർന്ന വാസുദേവ് ജനുവരിയിലാണ് കാനഡയിൽ എത്തിയത്.
കൊലപാതകത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു: “ഇന്നലെ ടൊറന്റോയിൽ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർത്ഥി കാർത്തിക് വാസുദേവിന്റെ ദാരുണ മരണത്തിൽ ഞങ്ങൾ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു. ഞങ്ങൾ കുടുംബത്തെ സമീപിച്ചു, സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. മൃതശരീരം എത്രയും വേഗം സ്വദേശത്തേക്ക് കൊണ്ടുപോകും.”
“ഒന്നാം സെമസ്റ്റർ മാർക്കറ്റിംഗ് മാനേജ്‌മെന്റ് വിദ്യാർത്ഥിയായ കാർത്തിക് വാസുദേവിന്റെ ദാരുണമായ മരണം സെനക്ക സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. വാസുദേവിന്റെ കുടുംബവും സുഹൃത്തുക്കളും സഹപാഠികളും ഞങ്ങളുടെ ചിന്തയിലുണ്ട്. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കൗണ്‍സിലിംഗ് സേവനം ഉണ്ടായിരിക്കും,” സെനെക്ക കോളേജ് പ്രസ്താവനയിൽ പറഞ്ഞു.