തലമുറകള്‍ കണ്ടിട്ടില്ലാത്ത മാരകവ്യാധി സമൂഹത്തിലും പ്രത്യേകിച്ച് ആതുര സുസ്രൂഷ നല്കുന്നവരിലും മറ്റു ആരോഗ്യ പോഷകരിലും വരുത്തിയിട്ടുള്ള, വരുത്തിക്കൊണ്ടിരിക്കുന്ന മാനസിക അനാരോഗ്യം ആയിരുന്നു ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂ യോര്‍ക്കിന്റെ (കചഅചഥ) ഈയിടെ നടത്തിയ തുടര്‍ വിദ്യാഭ്യാസ വിഷയം. സ്വന്തം കുടുംബവും ബന്ധുക്കളും കോവിഡ് രോഗത്തിന്റെ വേദന അനുഭവിച്ചപ്പോളും എല്ലാം മാറ്റിവച്ചു ജോലിസ്ഥലത്തു തങ്ങളെ ആശ്രയിച്ചു വരുന്ന രോഗികളില്‍ ആശ്വാസവും വേദനയില്‍ നിന്ന് സാന്ത്വനവും പ്രിയപ്പെട്ടവരുടെ അഭാവത്തിന്റെ പരിഹാരവും നല്‍കി സ്വയം ക്ഷീണിച്ചവശമായവര്‍ ആണ് നഴ്‌സുമാരും മറ്റു ആരോഗ്യ സംരക്ഷകരും. ലോകവ്യാപകമായി നടത്തിയിട്ടുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നഴ്സുമാരില്‍ കോവിഡ് വരുത്തിയ മാനസിക വിനകള്‍ വേണ്ടവിധം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണു. ആരോഗ്യ പരിപാലകരുടെ മാനസിക ഭാരത്തെ വിലയിരുത്തി പ്രയാസങ്ങളെ ലഘൂകരിക്കുന്ന വഴികള്‍ തുറക്കുക എന്നതായിരുന്നു നഴ്സുമാര്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കത്തക്ക വിധം വെര്‍ച്വല്‍ ആയി സംഘടിപ്പിച്ച ‘മാര്‍ച്ച് റ്റു ഹെല്‍ത്ത്, വെല്‍നെസ്സ് & റിക്കവറി’ എന്ന തീമിലെ പാനല്‍ ചര്‍ച്ച.
ന്യൂ യോര്‍ക്ക് മോണ്ട്‌ടെഫിയോര്‍ മെഡിക്കല്‍ സെന്ററില്‍ അഡ്മിനിസ്ട്രേറ്റീവ് നഴ്‌സിംഗ് മാനേജര്‍ ആയ താര ഷാജന്‍ ആയിരുന്നു പാനലിലെ ആദ്യ അവതാരിക. കോവിഡ് പകര്‍ച്ചാവ്യാധിക്കലത്ത് രോഗീപാലനത്തില്‍ ഏറ്റവും മുന്‍നിരയില്‍ നിന്നിരുന്ന നഴ്സുമാരില്‍ സ്‌ട്രെസ് വരുത്തിയിട്ടുള്ള വ്യഥകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അത് ലഘൂകരിക്കാനും മാനസിക പ്രതിരോധശേഷി കൈവരിക്കുന്നതിനും പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള വഴികള്‍ താര നിര്‍ദ്ദേശിച്ചു. സ്വന്തം ആരോഗ്യം സൂക്ഷിക്കുന്നതിനാവശ്യം ആയ സ്വയം സുസ്രൂഷയും ദിനചര്യ ക്രമവും സ്വയം പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് അത്യാവശ്യം ആണ്.
സാഗാമോര്‍ ചില്‍ഡ്രന്‍സ് സൈക്കായ്ട്രിക് സെന്ററിലെ നേഴ്‌സ് അഡ്മിനിസ്‌ട്രേറ്റര്‍ വര്ഗീസ് ഷെല്ലി അഭിസംബോധന ചെയ്തത് ‘നേഴ്‌സ് ബെര്‍ണ് ഔട്ട്’ എന്ന വിഷയം ആയിരുന്നു. വര്‍ധിച്ചുകൊണ്ടിരിക്കുന്ന ദൈനം ദിന ഡിമാന്റുകളും അവയെ നേരിടുന്നതിനുള്ള മാനസിക സംയമനവും തമ്മിലുള്ള സംതുലനം ഇല്ലാതാകുമ്പോള്‍ നഴ്സുമാരില്‍ ഉണ്ടാകുന്ന മാനസിക ക്ഷീണം ഏതുവിധം അളക്കാമെന്നും അസന്തുലിതയെ തരണം ചെയ്യുന്നതിനുള്ള തന്ത്രങ്ങളും ഷെല്ലി വിശദീകരിച്ചു.
പോസ്റ്റ് കോവിഡ് സിന്‍ഡ്രോം ആയിരുന്നു മൌണ്ട് സൈനായ് ഹെല്‍ത് സിസ്റ്റത്തിലെ എ എം ഐ പ്രോഗ്രാം ഡിസൈനറും മാനേജരും ആയ ഡോക്ടര്‍ ഷെറിന്‍ എബ്രഹാം ശ്രദ്ധയില്‍ കൊണ്ടുവന്നത്. കോവിഡ് ബാധിച്ച വളരെ അധികം പേരില്‍ രോഗം മാറി മാസങ്ങള്‍ കഴിഞ്ഞാലും രോഗബാധയുടെ ദീര്‍ഘ കാല ഫലങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയുടെ കാരണങ്ങളും അവയെ ഡയഗ്നോസ് ചെയ്യുന്നതിനും അവയെ ചികില്‌സിക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ ആണെന്നും ഡോക്ടര്‍ എബ്രഹാം വിശദീകരിച്ചു. പോസ്റ്റ് കോവിഡ് കാര്‍ഡിയോവാസ്‌ക്യൂലര്‍ റിസ്‌ക്കുകളും കോവിഡിന് ശേഷമുള്ള ശരീരത്തിലെ ഇന്‍ഫ്‌ലമറ്റോറി പ്രോസസുകളുടെ കാലദൈര്‍ഘ്യവും ഡോക്ടര്‍ എബ്രഹാം അവതരിപ്പിച്ചു. അവയ്ക്കു ലഭ്യം ആയ ചികിത്സാക്രമങ്ങള്‍ അവര്‍ വിവരിച്ചു.
അമേരിക്കയിലെ ഒന്‍പതു ശതമാനത്തില്‍ അധികം ജനങ്ങള്‍ ഡയബെറ്റിസ് കണ്ടിഷനുള്ളവരാണ്. എഴുപത്തിരണ്ട് ലക്ഷം ആളുകള്‍ക്ക് അറിയില്ല അവരില്‍ ഈ കണ്ടിഷന്‍ ഉണ്ടെന്നു. ബിജുവെന്‍ഷണ്‍ മെഡിക്കല്‍ സ്പായുടെ സി ഓ ബിജു ജോസ് ഡയബെറ്റിസിനെയും അതിന്റെ സങ്കീര്ണതകളെയും ശമിപ്പിക്കാന്‍ കഴിയില്ലെങ്കിലും ആരോഗ്യ ക്ഷേമത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കാന്‍ ആകുമെന്നു ചൂണ്ടിക്കാട്ടി. ജീവിത ശൈലികളില്‍ വിഷമം വരുത്താത്ത മാറ്റങ്ങള്‍ തിരിച്ചറിഞ്ഞു ജീവിത ചര്യകളില്‍ കുറച്ചു പരിഷ്‌കരണങ്ങള്‍ വരുത്തി ക്ഷേമം കൈവരിക്കാന്‍ നമുക്ക് ആകും.
എഡ്യൂക്കേഷന്‍ ആന്‍ഡ് പ്രൊഫഷണല്‍ ഡെവെലപ്‌മെന്റ് ചെയര്‍ ഡോക്ടര്‍ ഷൈല റോഷന്‍ സ്വാഗതം ആശംസിക്കുകയും പാനല്‍ ചര്‍ച്ച മോഡറേറ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂ യോര്‍ക്ക് പ്രസിഡന്റ് ഡോക്ടര്‍ അന്ന ജോര്‍ജ് അവതരണ പ്രസംഗം നടത്തി. എഡ്യൂക്കേഷന്‍ ആന്‍ഡ് പ്രൊഫഷണല്‍ കമ്മിറ്റി നടത്തിവരുന്ന കാലോചിതവും സാമൂഹിക പ്രാധാന്യവും നിറഞ്ഞ വിദ്യാഭ്യാസ സംഭവങ്ങളില്‍ അവര്‍ അഭിമാനം കൊണ്ടു. അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ഡോളമ്മ പണിക്കര്‍ നന്ദി പ്രകടിപ്പിച്ചു.