വാഷിംഗ്ടണ്‍ ഡിസി: റഷ്യ-യുക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി തുടരവെ പാട്രിയറ്റ് മിസൈല്‍ സിസ്റ്റം സ്ലൊവാക്യയിലേക്ക് അയയ്ക്കുന്നതിന് യുഎസ് തീരുമാനിച്ചതായി ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു.
മധ്യ യൂറോപ്പിലെ നാറ്റോ അംഗ രാഷ്ട്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി യുക്രെയിനിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള സ്ലൊവാക്യയിലേക്ക് അയയ്ക്കുന്ന പാട്രിയറ്റ് മിസൈല്‍ സിസ്റ്റത്തിന് അതിര്‍ത്തിയിലേക്കു വരുന്ന മിസൈലുകള്‍ തകര്‍ക്കുന്നതിനുള്ള ശേഷിയുണ്ട്. യുഎസ് സൈനികര്‍ക്കായിരിക്കും ഇതിന്റെ ചുമതല എന്നും ഡിഫന്‍സ് സെക്രട്ടറി പറഞ്ഞു. എത്രനാള്‍ യുഎസ് ട്രൂപ്പ് ഇവിടെ ഉണ്ടായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി ലോയ്ഡ് ഓസ്റ്റില്‍ പറഞ്ഞു.
എസ് 300 എയര്‍ ഡിഫന്‍സ് സിസ്റ്റം റഷ്യക്കെതിരെ പ്രയോഗിക്കുന്നതിന് യുക്രെയിനു നല്‍കണമെന്ന് സ്ലൊവാക്യ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ അറിയിപ്പു പുറത്തുവന്നത്.
റഷ്യന്‍ സൈന്യത്തെ ധീരതോടെ പരമാവധി ചെറുത്തു നില്‍ക്കാന്‍ യുക്രെയ്ന്‍ സേനയ്ക്കു പിന്തുണ നല്‍കുക എന്നതാണ് തന്റെ രാജ്യം ചെയ്യുന്നതെന്ന് സ്ലൊവാക്യന്‍ പ്രധാനമന്ത്രി എഡ്വവേര്‍ഡ് ഹെഗര്‍ പറഞ്ഞു.