കീവ്: ഉക്രെയ്നിലെ ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 52 ആയി ഉയർന്നതായും 109 പേർക്ക് പരിക്കേറ്റതായും ഉക്രേനിയന്‍ അധികൃതര്‍ അറിയിച്ചു.
ക്രാമാറ്റോർസ്ക് സ്ഥിതി ചെയ്യുന്ന ഡൊനെറ്റ്സ്ക് ഏരിയയിലെ സൈനിക മേധാവി പാവ്ലോ കൈറിലെങ്കോ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മരണസംഖ്യ സ്ഥിരീകരിച്ചു. എന്നാൽ, “ഈ സംഖ്യകൾ തീർച്ചയായും ഉയരും” എന്നും മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച, ലുഹാൻസ്ക് മേഖലയിലെ നിയന്ത്രിത പ്രദേശങ്ങളിൽ നിന്നുള്ള റഷ്യൻ സൈന്യം ടോച്ച്ക-യു (Tochka-U) സംവിധാനം ഉപയോഗിച്ചാണ് ക്രാമാറ്റോർസ്ക് റെയിൽവേ സ്റ്റേഷനിൽ ഷെല്ലാക്രമണം നടത്തിയത്. ഏകദേശം 4,000ത്തോളം പേര്‍ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെടാന്‍ കാത്തിരിക്കുകയായിരുന്നു.
സംഭവത്തെ ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അപലപിച്ചു. “യുദ്ധഭൂമിയിൽ ഞങ്ങളെ നേരിടാനുള്ള ശക്തിയും ധൈര്യവും ഇല്ലാത്തതിനാൽ, അവർ സിവിലിയൻ ജനതയെ നിന്ദ്യമായി നശിപ്പിക്കുകയാണ്,” ആക്രമണത്തിനു തൊട്ടുപിന്നാലെ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. ഇത് അതിരുകളില്ലാത്ത ഒരു തിന്മയാണ്. ശിക്ഷിക്കപ്പെടുന്നതുവരെ, അത് അനിശ്ചിതമായി തുടരും. ഒരു സൈനികരും സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക, യൂറോപ്യൻ യൂണിയൻ (ഇയു), യുണൈറ്റഡ് കിംഗ്ഡം എന്നിവയെല്ലാം സംഭവത്തെ വിമർശിക്കുകയും ഉക്രെയ്‌നിന് കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. യൂറോപ്യൻ യൂണിയൻ വിദേശനയ നേതാവ് ജോസെപ് ബോറെൽ പറയുന്നതനുസരിച്ച്, റഷ്യൻ സൈന്യത്തിന് ഉക്രേനിയൻ സൈന്യത്തെ പരാജയപ്പെടുത്താൻ കഴിയാതെ വന്നതിന് ശേഷമുള്ള മനോവീര്യം തകർക്കാനുള്ള മറ്റൊരു ശ്രമമായിരുന്നു ക്രാമാറ്റോർസ്കിലെ ആക്രമണം.