ഡാളസ്: മയക്കുമരുന്നു കേസില്‍ പിടികൂടിയ ഇരുപത്തിനാലുകാരി ജറീക്ക ലൂയീസ് സ്റ്റീവന്‍സിനെ മിസോറിയില്‍ നിന്നും ഡാളസിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുവരുന്നതിനിടയില്‍ ഷെരീഫിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ഇവരെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹായംതേടി.
ഏപ്രില്‍ എട്ടിന് വെള്ളിയാഴ്ച ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തില്‍ വന്നിറങ്ങിയതിനുശേഷമാണ് ഇവര്‍ രക്ഷപെട്ടത്. ഡാളസ് കൗണ്ടി ജയിലില്‍ നിന്നാണ് ഇവരെ കൊണ്ടുവന്നത്. ബന്ധിച്ചിരുന്ന കൈവിലങ്ങോടെയാണ് രക്ഷപെട്ടത്. രക്ഷപെട്ടതിനുശേഷം യൂലസിലെ ഒരു ഹോട്ടലിനു സമീപം ഇവരെ കണ്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. കറുത്ത ടോപ്പും ഗ്രെ സ്വറ്റ് പാന്റുമാണ് വേഷം.
യുവതിയുടെ പേരില്‍ മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് അറസ്റ്റ് വാറന്റ് നിലവിലുണ്ട്. പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപെട്ടതിന് മറ്റൊരു കേസും നിലവിലുണ്ട്. ഇവരെ കണ്ടെത്തുന്നവര്‍ 911 നമ്പരിലോ, ഡാളസ് കൗണ്ടി ഷെരീഫ് ഓഫീസ് നമ്പരായ 214 749 8641 ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. പോലീസ് എസ്‌കോര്‍ട്ടില്‍ നിന്നു പുരുഷന്മാര്‍ രക്ഷപെട്ടിട്ടുണ്ടെങ്കിലും വനിതകള്‍ രക്ഷപെടുന്നത് വിരളമാണ്. ഇവരെ കണ്ടെത്തുന്നതിന് പ്രത്യേക പോലീസ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.