ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ മിതവാദി മുസ്ലിം നേതാവെന്ന ദേശീയശ്രദ്ധ നേടിയ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ട്.
രാജ്യത്ത് ആകെയുള്ളൊരു ഇടത് സര്‍ക്കാരുമായി ഏറ്റുമുട്ടി, ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉന്നത ബി.ജെ.പി നേതാക്കളുമായും ഉറ്റബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാന്‍ രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയായാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. ആഗസ്റ്റിലാവും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.
ലോക്സഭാ, രാജ്യസഭാ അംഗങ്ങളടങ്ങിയ ഇലക്ട്രല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. ആനുപാതിക പ്രാതിനിധ്യ നിയമപ്രകാരം കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ട് സമ്പ്രദായത്തിലാണ് തിരഞ്ഞെടുപ്പ്. എത്രയും സ്ഥാനാര്‍ത്ഥികളുണ്ടോ അത്രയും വോട്ട് മുന്‍ഗണനാക്രമത്തില്‍ രേഖപ്പെടുത്തണം. സാധുവായ വോട്ടിന്റെ പകുതിയിലധികം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി ജയിക്കും.
ബി.ജെ.പിക്ക് ലോക്സഭയില്‍ 301ഉം രാജ്യസഭയില്‍ 101ഉം അംഗങ്ങളാണുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 1241 നിയമസഭാംഗങ്ങളുമുണ്ട്. സഖ്യകക്ഷികള്‍ക്കെല്ലാം കൂടി ലോക്സഭയില്‍ 333 പേരും രാജ്യസഭയില്‍ 117പേരുമുണ്ട്. വോട്ട് മൂല്യത്തില്‍ ഭരണപക്ഷത്തിനാണ് മുന്‍തൂക്കം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്നെ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവുമെന്നാണ് റിപ്പോര്‍ട്ട്.