അച്ചടക്കരാഹിത്യത്തിൽ ഏർപ്പെടുന്ന നേതാക്കൾക്കെതിരെ കോൺഗ്രസ് പാർട്ടി കടുത്ത നിലപാട് സ്വീകരിക്കാന്‍ സാധ്യതയേറുന്നു. തിങ്കളാഴ്ച പാർട്ടി കോൺഗ്രസ് അച്ചടക്ക സമിതി യോഗം വിളിച്ചതായാണ് റിപ്പോർട്ട്. കെവി തോമസ്, മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ എന്നിവരുൾപ്പെടെ നിരവധി നേതാക്കളുടെ പ്രവർത്തനങ്ങൾ ഈ യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. അടുത്തിടെ പഞ്ചാബിലും ഉത്തരാഖണ്ഡിലും പാർട്ടി പുതിയ പാർട്ടി മേധാവികളെ നിയമിച്ചിരുന്നു.
തിങ്കളാഴ്ച ചേരുന്ന കോൺഗ്രസ് അച്ചടക്ക സമിതി യോഗം കേരളത്തിൽ നിന്നുള്ള തോമസ്, പഞ്ചാബിൽ നിന്നുള്ള ജാഖർ, മിസോറാമിലെ മറ്റ് ചില പാർട്ടി നേതാക്കൾ എന്നിവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു.
പാർട്ടിയുടെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് സമിതി യോഗം ചേരാനാണ് സാധ്യത. എന്നാൽ, കൂടിക്കാഴ്ച എവിടെ നടക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അടുത്തിടെ കണ്ണൂരിൽ സിപിഐഎം സംഘടിപ്പിച്ച പരിപാടിയിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി തോമസ് പങ്കെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച് തോമസിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം എംപി ശശി തരൂരും പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറായെങ്കിലും പാർട്ടി തീരുമാനത്തെ തുടർന്ന് സെമിനാറിൽ പങ്കെടുക്കാൻ അദ്ദേഹം വിസമ്മതിച്ചു.
കെവി തോമസ് നിർദേശങ്ങൾ അനുസരിച്ചില്ലെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് പിജെ കുര്യൻ ആരോപിച്ചു. അതേസമയം, മുഖ്യമന്ത്രിയും ഇടതുപക്ഷ നേതാവുമായ പിണറായി വിജയനെ പുകഴ്ത്തിയതിന്റെ പേരിൽ പാർട്ടി നേതാക്കളുടെ വിമർശനം തോമസിന് നേരിടേണ്ടി വന്നു. ഇതിനുപുറമെ, പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ എസ്‌സി നേതാവായതിന്റെ പേരിൽ ജാഖർ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നു.
അച്ചടക്കരാഹിത്യം കണക്കിലെടുത്താണ് കോൺഗ്രസ് ഈ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. മുതിർന്ന നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എ.കെ.ആന്റണിയെ സമിതി അദ്ധ്യക്ഷനായി പാർട്ടി നിയമിച്ചു.