കെ.വി. തോമസിന്റെ അച്ചടക്ക ലംഘനം; എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന്; സോണിയ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്ന് തോമസ്

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ എഐസിസി അച്ചടക്ക സമിതി ഇന്ന് യോഗം ചോരും. എ.കെ. ആന്റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് നടപടി തീരുമാനിക്കുന്നത്.

അച്ചടക്ക സമിതി തോമസിനോട് വിശദീകരണം ചോദിക്കും. ഇതിനു ശേഷമായിരിക്കും തുടര്‍ നടപടി. കെ.വി. തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസിയുടെ നിര്‍ദേശം. കെ.വി. തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുന്‍ നിലപാട്.

അതേസമയം, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരേ വിമര്‍ശനവുമായി കെ.വി. തോമസ് വീണ്ടും രംഗത്ത്. താന്‍ പാര്‍ട്ടിയില്‍ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് സുധാകരനല്ല. മരിക്കുന്നവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി താന്‍ തുടരുമെന്നും സോണിയ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്നും തോമസ് പറയുന്നു.

സുധാകരനെന്ന വ്യക്തിയല്ല കോണ്‍ഗ്രസെന്ന് ആദ്യം അദ്ദേഹം മനസിലാക്കണമെന്നും തോമസ് പറഞ്ഞു. ഓട് പൊളിച്ച് പാര്‍ട്ടിയില്‍ വന്നവനല്ല. പാര്‍ട്ടിയുടെ നടപടി ക്രമങ്ങള്‍ അറിയാത്തവരാണ് തന്നെ പുറത്താക്കാന്‍ നടക്കുന്നത്. തന്നെ പുറത്താക്കുക എന്ന അജണ്ട മാത്രമാണ് ഇവര്‍ക്കൊക്കെ. നടപടി എന്തായാലും കോണ്‍ഗ്രസില്‍ തുടരും. കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ ചേര്‍ന്നാല്‍ മാത്രം താന്‍ എല്‍ഡിഎഫില്‍ പോകുമെന്നും തോമസ് പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News