ബംഗളൂരു: ഹിജാബ് വിവാദത്തിൽ അൽഖ്വയ്ദ ഭീകരൻ അയ്മൻ അൽ സവാഹിരി അടുത്തിടെ പ്രശംസിച്ച കർണാടക വിദ്യാർത്ഥി മുസ്കാൻ ഖാനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
കർണാടകയിലെ ഹിജാബ് പ്രതിസന്ധിയില്‍ കാമ്പസ് ഗ്രൗണ്ടിൽ ‘ജയ് ശ്രീറാം’ എന്ന് വിളിച്ച ജനക്കൂട്ടത്തെ ചെറുക്കാൻ ‘അല്ലാഹു അക്ബർ’ എന്ന വാചകം ഉയർത്തിയ ഒമ്പത് മിനിറ്റ് വീഡിയോയിൽ മാണ്ഡ്യ ജില്ലയിലെ കോളേജ് വിദ്യാർത്ഥിയായ മുസ്‌കാനെ സവാഹിരി അഭിനന്ദിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്. “ഇന്ത്യയിലെ നോബിൾ വുമൺ” എന്ന വീഡിയോയിൽ മുസ്‌കാനെ ആദരിക്കുന്നതിനായി സവാഹിരി എഴുതിയ കവിത അവതരിപ്പിക്കുന്നത് കേൾക്കാം.
മുസ്‌കാൻ നിരോധിത സംഘടനയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യർത്ഥിച്ച് ബിജെപി എംപി അനന്ത് കുമാർ ഹെഗ്‌ഡെ അദ്ദേഹത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് ബൊമ്മൈയുടെ പരാമർശം. “അനന്ത് കുമാർ ഹെഗ്‌ഡെ എഴുതിയ കത്തിനെക്കുറിച്ച് എനിക്ക് അറിയില്ല. പക്ഷെ, ഞാൻ അദ്ദേഹവുമായി സംസാരിച്ച് സ്ഥിതിഗതികൾ അന്വേഷിക്കും. അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കും” ബൊമ്മൈ പറഞ്ഞു.
തന്റെ മകൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടെന്നും കർണാടകയിലെ ഹിന്ദു സഹോദരങ്ങൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കുന്നവരാണെന്നും മുസ്‌കാന്റെ പിതാവ് മുഹമ്മദ് ഹുസൈൻ നേരത്തെ സൂചിപ്പിച്ചിരുന്നു.