ദോഹ: കൊവിഡ് ഭീതിയെ തുടർന്ന് മന്ദഗതിയിലായ ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖല ഊര്‍ജ്ജിതപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 100 കോടി കവിഞ്ഞു.
കൊവിഡ് കാരണം ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖല കഴിഞ്ഞ രണ്ട് വർഷമായി വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മാന്ദ്യത്തെ അതിജീവിച്ച് തിരികെ വരുന്നതിനിടെ കഴിഞ്ഞ വർഷാവസാനം ഒമിക്റോണിന്റെ വരവോടെ വീണ്ടും മന്ദഗതിയിലായി. പുതുവർഷത്തിലേക്ക് കാലൂന്നിയതോടെ റിയൽ എസ്റ്റേറ്റ് ബിസിനസ് വീണ്ടും ഉണര്‍വ്വിലായി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത് ഫെബ്രുവരിയിലാണ്.
നീതിന്യായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 170 കോടി ഖത്തർ റിയാലിന്റെ അഥവാ 3,500 കോടി ഇന്ത്യൻ രൂപയുടെ കരാറുകളാണ് ഇതുവരെ ഒപ്പുവെച്ചത്. ജനുവരിയിൽ 160 കോടി റിയാലിന്റേയും മാർച്ചിൽ 130 കോടി റിയാലിന്റേയും ഇടപാടുകള്‍ നടന്നു.
കൊവിഡ് പ്രതിസന്ധിക്കിടയിലും 2021ൽ 25 ബില്യൺ റിയാലിന്റെ ഇടപാടുകൾ നടന്നു. മുൻവർഷത്തേക്കാൾ അഞ്ച് ശതമാനം കൂടുതലാണിത്. ലോകകപ്പിന്റെ കിക്കോഫ് നവംബർ 21ന് തുടങ്ങാനിരിക്കെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.