കോഴിക്കോട്: കോടഞ്ചേരിയിലെ ഡി.വൈ.എസ്.പി നേതാവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ജോര്‍ജ് എം. തോമസ് നടത്തിയ പരാമര്‍ശത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍. പാര്‍ട്ടി പൊതുസമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന് നാക്കുപിഴ സംഭവിച്ചതാണ്. തന്റെ ഭാഗത്തുനിന്നുണ്ടായ പിശക് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പാര്‍ട്ടിയെ ഇക്കാരയം അറിയിച്ചിട്ടുണ്ടെന്നും പി.മോഹനന്‍ പറഞ്ഞു.
ഈ സാഹചര്യത്തെ മുതലെടുത്ത് കോടഞ്ചേരിയിലെ ചില ആളുകള്‍ രാഷ്ട്രീയ താല്‍പര്യം വച്ച് വ്യത്യസ്ത സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കനുമുള്ള ശ്രമങ്ങള്‍ സിപിഎം അംഗീകരിക്കില്ല. അത് തടയാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകും. ഇക്കാര്യത്തില്‍ ലൗ ജിഹാദ് വിഷയം ഉള്‍പ്പെട്ടിട്ടില്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടാനും ആരകമിക്കാനുമെല്ലാം ആര്‍.എസ്.എസും സംഘപരിവാറും ബോധപൂര്‍വ്വം ഉന്നയിക്കുന്ന കാര്യങ്ങളാണ് ലൗ ജിഹാദ് പോലെയുള്ള ആരോപണങ്ങളെന്നും പി.മോഹനന്‍ പറഞ്ഞു.
ഇരുവരും ഒളിച്ചോടിയെന്നാണ് പറയുന്നത്. അത് വേണ്ടിയിരുന്നില്ല, ഇക്കാര്യം നേരത്തെ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇരു കുടുംബങ്ങളുമായി ചര്‍ച്ച ചെയ്ത് നല്ല രീതിയില്‍ വിവാഹം നടത്താന്‍ ശ്രമിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുന്ന രീതിയോ മറ്റോ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സിപിഎം ഒരിക്കലും അതിനെ അംഗീകരിക്കില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതി പ്രകാരം ചെറുപ്പക്കാരനേയും പെണ്‍കുട്ടിയേയും പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാണ്, വിവാഹിതരായെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. അത് കോടതി അംഗീകരിച്ചു. അതോടെ ആ അധ്യായം അടഞ്ഞു’-പി.മോഹനന്‍ വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐ. കണ്ണോത്ത് മേഖലാ സെക്രട്ടറിയും സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ എം.എസ്. ഷെജിനും തെയ്യപ്പാറ സ്വദേശിനി ജോയ്‌സ്‌ന മേരി ജോസഫും തമ്മിലുള്ള വിവാഹമാണ് പ്രദേശത്തും പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. വിവാഹത്തെ ലവ് ജിഹാദെന്ന് വിശേഷിപ്പിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചതിലൂടെ പ്രദേശത്തെ മത വികാരം വ്രണപ്പെട്ടുവെന്നത് സത്യമാണെന്ന് മുന്‍ തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം തോമസ് പറഞ്ഞു. . കന്യാസ്ത്രീകള്‍ പോലും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇത് പാര്‍ട്ടിക്ക് പ്രദേശത്ത് വലിയ പ്രശ്നമുണ്ടാക്കി. തന്റെ വാക്ക് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഇക്കാര്യം താന്‍ അപ്പോള്‍ തന്നെ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ലൗജിഹാദ് എന്നത് ഇല്ലായെന്നും ജോര്‍ജ് എം തോമസ് തിരുത്തി.
ലൗജിഹാദ് വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് നയമെന്നും ജോര്‍ജ് എം തോമസ് പ്രതികരിച്ചു. ഇങ്ങനെയൊരു പ്രശ്നമുണ്ടായപ്പോള്‍ ക്രിസ്ത്യന്‍ സമൂഹം വലിയ രീതിയില്‍ പ്രതികരിച്ചു. ഇത് മുതലെടുക്കാന്‍ യു.ഡി.എഫ് ശ്രമിച്ചുവെന്നും ജോര്‍ജ് എം തോമസ് ചൂണ്ടിക്കാട്ടി.