ന്യൂയോര്‍ക്ക് : തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തില്‍ സാമ്പത്തിക തിരിമറിയില്‍ ആരോപണ വിധേയനാകുകയും, പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ന്യൂയോര്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ ബ്രയാന്‍ ബെഞ്ചമിന്‍ രാജിവെച്ചു.
ഏപ്രില്‍ 12 ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തെ അറസ്റ്റു ചെയതത്. ഉടനെ രാജ്യസമര്‍പ്പിക്കുയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ലഫ്റ്റ്. ഗവര്‍ണറുടെ രാജി സ്വീകരിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കടത്തി ഹോച്ചല്‍ അറിയിച്ചു.
നിയമനടപടികള്‍ തുടരവെ ലഫ്റ്റനന്റ്ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നതിന് അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും, ന്യൂയോര്‍ക്കിലെ ജനങ്ങള്‍ തന്റെ ഭരണത്തില്‍ പരിപൂര്‍ണ വിശ്വാസം ഉണ്ടാകണമെങ്കില്‍ ഇദ്ദേഹം രാജിവെക്കുക മാത്രമെ മാര്‍ഗ്ഗമുള്ളൂവെന്നും, ജനങ്ങളുമൊത്ത് തുടര്‍ന്നും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഗവര്‍ണര്‍ ഹോച്ചല്‍ പറഞ്ഞു.
മണിക്കൂറുകള്‍ക്ക് മുമ്പ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അധികൃതര്‍ക്ക് കീഴടങ്ങയതായും, ന്യൂയോര്‍ക്ക് സിറ്റി ഫെഡറല്‍ ജഡ്ജിയുടെ മുമ്പില്‍ ഹാജരായതായും യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് അറിയിച്ചു.
ഇദ്ദേഹം അറിഞ്ഞുകൊണ്ടുതന്നെയാണോ സാമ്പത്തിക തിരിമറി നടത്തിയതെന്നോ, സംസ്ഥാനത്തിന്റെ ഖജനാവില്‍ നിന്നും തനിക്ക് സംഭാവന നല്കിയവര്ക്കും, അവരുടെ പ്രോജക്റ്റിനും പണം നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കുകയും ചെയ്തശേഷം ലഭിച്ച തെളിവുകളുടെ വെളിച്ചത്തിലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നതെന്നും മന്‍ഹാട്ടന്‍ ഫെഡറല്‍ പ്രോസിക്യൂട്ടേഴ്സും, എഫ്ബിഐയും അറിയിച്ചു.
സാമ്പത്തിക തിരിമറി, വയര്‍ പ്രോണ്ട്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ലഫ്റ്റ്. ഗവര്‍ണ്ണര്‍ക്കെതിരെ ചാര്‍ജ്ജു ചെയ്തിരിക്കുന്നത്.