ഓര്‍മ്മയിലെ വിഷുക്കാഴ്ചകള്‍ (ഹണി സുധീര്‍)

വിഷു എന്നാൽ തുല്യം എന്നർത്ഥമാണ്. രാവും പകലും തുല്യമായ മേടം ഒന്ന്. സൂര്യന്റെ രാശി മാറ്റം. നമ്മുടെ വിഷു സംക്രമം. കാർഷിക ഐശ്വര്യം കൂടി മുൻനിർത്തിയാണ്‌ വിഷു ആഘോഷം. നെല്ലും ധന്യങ്ങളും ഫലമൂലാധികളും പൊന്നും കസവും പണവും കണികണ്ടുണരുന്നത് സമൃദ്ധമായ നാളെകളിലേക്കാണ്.

ഓർമ്മയിലെ വിഷുക്കാഴ്ചകളിലൂടെ അന്നും ഇന്നുമായി മനസ് സഞ്ചരിച്ചപ്പോൾ….

അടുത്ത കാലങ്ങളിലെ പോലെ തന്നെ തീപൊള്ളുന്ന മീന വേനലിനു മുന്നേ കൊന്നപ്പൂക്കൾ വസന്തം തീർത്തിരുന്നു. ഇനി മേടം ഒന്നാകുമ്പോഴേക്കും പൂക്കൾ വാടിപ്പോകുമോ എന്നൊരു ശങ്ക കാണുമ്പോഴൊക്കെ മനസ്സിൽ തോന്നും.

ടൗണിൽ ഉള്ളവർക്കാണേൽ തണ്ടൊന്നിനു നല്ലൊരു പൈസ കൊടുത്തുവേണം കണിവെക്കാൻ കൊന്നപ്പൂവ് വാങ്ങിക്കാൻ. ഇക്കുറി രണ്ട് നല്ല വേനൽ മഴയിൽ പൂക്കൾ എല്ലാം കൊഴിഞ്ഞ മട്ടാണ്. കഴിഞ്ഞ രണ്ട് കൊല്ലങ്ങൾ കൊറോണ കൊണ്ട് പോയതിന്റെ ക്ഷീണം തീർക്കാൻ ഇത്തവണ ആളുകൾ എല്ലാം തിരക്കിലാണ്. മൂടി നിൽക്കുന്ന വേനൽ മഴയാണ് വിഷു വരവേല്പിന് ഒരുങ്ങുന്നത്.

നഗരത്തിലെ വഴിയരികിൽ പടക്കങ്ങൾ വിൽക്കാൻ വച്ചവർ ഇടക്കിടെ മാറ്റികൊണ്ടിരിക്കുന്നു. പിന്നേം മാനം തെളിയുമ്പോൾ വീണ്ടും നിരത്തി വക്കുന്നു. പഴങ്ങളും പച്ചക്കറി വണ്ടികളും കുട്ടിയുടപ്പുകളും മറ്റും നിരത്തിയ ഉന്തുവണ്ടികളുമായി വഴിയോര വ്യാപാരികൾ ഏറെ പ്രതീക്ഷയോടെയാണ് വിഷുവിനെ വരവേൽക്കാൻ ഇരിക്കുന്നത്.

കാലം മാറുമ്പോൾ കോലം മാറുമെന്നത് പോലെ പഴമയുടെ മാധുര്യമൊന്നും ഇന്നൊരു ആഘോഷങ്ങൾക്കും ഇല്ല. പുതുകാലത്തിലെ വിഷുവിനേക്കാൾ എന്റെ മനസ്സിൽ നിറഞ്ഞ പൂക്കണിയായി നിൽക്കുന്നത് ബാല്യകാലസ്മരണകൾ ആണ്.

“കാലമിനിയുമുരുളും വിഷു വരും
വർഷം വരും തിരുവോണം വരും”

കുട്ടിക്കാലത്തെ ഒരോ വിഷു സന്ധ്യകളിലും അച്ഛൻ ഈ കവിത പാടി കേൾപ്പിക്കും. അന്നത്തെ വിഷു സന്ധ്യകൾക്ക് വല്ലാത്തൊരു ഭംഗിയായിരുന്നു.

പറമ്പിൽ ചപ്പിലകളും മറ്റും അടിച്ചുകൂട്ടി തീയിടും. കുപ്പകണി എന്ന് അമ്മമ്മ പറയും. വൃക്ഷലതാദികൾക്കു കണി കാണാൻ ആണത്രേ. അഗ്നി സാന്നിധ്യം. ദൂരെ ഉള്ള വീടുകളിലെ പറമ്പുകളിലും ഇതേ കാഴ്ചകൾ കാണാം.

ഉമ്മറത്തു തൂക്കു വിളക്കിൽ ആണ് എന്നും സന്ധ്യാ ദീപം കൊളുത്തുക. അഞ്ചു തിരിയിട്ടു കത്തിച്ച തൂക്കു വിളക്കിന്റെ ഒരോ ചങ്ങല കണ്ണിയിലും കൊന്നപ്പൂവ് തിരുകി വക്കും. പുലർച്ചെ കണിക്കുള്ളത് മാറ്റി വച്ചിട്ടു. ബാക്കി ഇറയത്തു തൂക്കിയിടും. നീണ്ട ഉമ്മറക്കോലായിൽ രണ്ടു മൂന്നു ഭാഗത്തായി കണി വെള്ളരി തൂക്കിയിട്ടിട്ടുണ്ടാകും. വിളക്കു വച്ചു മുറ്റത്തെ കോണിൽ നിന്നും മാറി നിന്നു കാണാൻ നല്ല ഭംഗിയായിരുന്നു. ഒരു പ്രത്യേക ഐശ്വര്യം.

സന്ധ്യാ നേരങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഗന്ധരാജനും സൗഗന്ധിക പൂക്കളും തെച്ചിയും തുളസിയും എല്ലാം പറിച്ചു മാല കെട്ടാൻ ഇരിക്കും കൃഷ്ണന് ചാർത്താൻ. പൂക്കൾ കെട്ടാൻ ഇരിക്കുമ്പോൾ കവുങ്ങിൻ തോപ്പിൽ നിന്നും മിന്നാമിന്നികൂട്ടങ്ങളുടെ ആഘോഷങ്ങൾ കാണാം. ആദ്യ കണി ചെലപ്പോ അവരുടെ വകയായിരിക്കും.

അന്നത്തെ സന്ധ്യകൾക്കു പോലും ഒരു ശാലീനതയായിരുന്നു. ഒട്ടും തിരക്കുകൾ ഇല്ലാത്ത നാട്ടിൻപുറങ്ങൾ. പലയിടങ്ങളിലും കറന്റ്‌ പോലും എത്തിയിരുന്നില്ല. സംക്രമപക്ഷികളുടെ കൂജനങ്ങൾ.

അന്ന് ഇന്നത്തെ പോലെ കൊന്നപ്പൂ ക്ഷാമം ഇല്ല. ഇഷ്ടംപോലെ കിട്ടും. ഒട്ടും ആർഭാടം ഇല്ലാത്ത വിഷു ആയിരുന്നു അന്നൊക്കെ. സന്ധ്യക്കു അച്ഛൻ വരുമ്പോൾ കുറച്ചധികം പനയോലപടക്കം, കുറച്ച് മത്താപ്പൂ, നിലച്ചക്രം, ഒരു രണ്ടോ മൂന്നോ പെട്ടി കമ്പിത്തിരി. ഈ കണക്കിൽ ഒരു മാറ്റോം വരില്ല.

വിഷുക്കാലം ആകുമ്പോഴക്കും സ്ഥിരം കറികൾ. ചക്കക്കുരു, മാങ്ങാ, മുരിങ്ങ, ഇടിച്ചക്ക, വെള്ളരി അധികം ഉണ്ടാകുന്നതോണ്ട് ഓലൻ, ഈ വകകൾ മാറി മാറി കഴിച്ചു മടുത്തിരിക്കുമ്പോളാകും വിഷു വരുന്നത്. അന്ന് സാമ്പാർ ഉണ്ടാകുന്ന സന്തോഷം ചെറുതൊന്നും അല്ലായിരുന്നു.

ഇന്ന് നേരെ തിരിച്ചായി. അന്നത്തെ നാടൻ കറികൾ കഴിക്കാനുള്ള കൊതിയാണിപ്പോ മനസിൽ. ചാണകം മെഴുകിയ മിനുസമുള്ള മുറ്റത്തു നിലചക്രം തിരിയുമ്പോഴും മത്താപ്പൂ കത്തിക്കുമ്പോഴും അന്നുണ്ടായിരുന്ന സന്തോഷത്തിനു ഒരതിരും ഇല്ല. രാവിലെ ഉണർന്നതും മുറ്റത്തിറങ്ങി തിരയുന്നത് രാത്രി കത്തിച്ച മത്താപ്പൂ ആയിരിക്കും. പലവർണ കടലാസിന്റെ ഭംഗി കൊണ്ടു പിന്നെ കുറെ കാലം അതിനെയും എടുത്തു വക്കും. കളിസ്ഥലത്തിനു ഒരലങ്കാരമായിട്ട്.

അമ്മ വീട്ടിലെ വിഷുവിനു മാല കെട്ടുന്നത് മറ്റൊരു ഓർമയാണ്. വിഷു എന്ന് കേട്ടാൽ കൃഷ്ണന് കഴുത്തിൽ ഇടാൻ കെട്ടുന്ന മാല. മന്ദാരം, തുളസി, തെച്ചി, നിശാഗന്ധിപ്പൂമൊട്ടുകൾ എന്നിവ സന്ധ്യക്ക്‌ പറിച്ചു വച്ചു വാഴനാരിൽ കെട്ടി വക്കും. കണി കണ്ടു കഴിയുമ്പോൾ കിട്ടുന്ന കൈനീട്ടം നാണയങ്ങൾ ആയിരിക്കും. അത് കിട്ടിയാൽ ബഹു സന്തോഷം ആയി.

കണി വച്ചു കഴിഞ്ഞാൽ പിന്നെ ഉറക്കം ഇല്ല (ഞാൻ ഉറങ്ങും) അമ്മക്കും ബാക്കിയുള്ളോർക്കും. പിന്നെ കയ്ക്കറികൾ നുറുക്കാനും, തേങ്ങ ചിരകാനും, അരക്കാനും ഒക്കെ ആയി പിടിപ്പതു പണികൾ കാണും.

എഴുന്നേറ്റ് പുഴയിൽ പോയി ഒന്നു നീരാടി വന്നുകഴിഞ്ഞാൽ ആദ്യ ഭക്ഷണം കാണിപ്പാത്രത്തിലെ നെയ്യപ്പം ആകും. ഉച്ചവരെ അതവിടെ വെക്കാൻ പെണ്ണുങ്ങൾ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞു കേട്ടാലും. കാണിപ്പാത്രത്തിലെ അപ്പത്തിന് ഒരു പ്രത്യേക രുചിയാണ്.

ഉണ്ണാറാകുമ്പോൾ നാക്കില വെട്ടി കൊണ്ടുവന്നു വച്ചാൽ പിന്നെ വിളമ്പലായി. വല്യഛന്റെ ഇടതു വശത്തു രണ്ടു ഇല അധികം ഉണ്ടാകും. എനിക്കും അനിയത്തിക്കും. അന്നു ഞങ്ങൾ രണ്ടു പേരക്കുട്ടികളെ ഉണ്ടായിരുനുള്ളൂ.

വിഷു സദ്യ കഴിഞ്ഞാൽ പിന്നെ ഉണ്ട ക്ഷീണം തീർക്കാൻ ഞങ്ങൾ പെണ്ണുങ്ങൾ എല്ലാരും കൂടി ഒരു മുറിയിൽ കൂടും. പിന്നെ ഒരു മേളം തന്നെയാണ്. കഥകളും, പാട്ടും, കുറ്റം പറച്ചിലും ഒക്കെ ആയിട്ട്.

കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്ക് പറിച്ചു നടൽ ആഘോഷങ്ങൾക്ക് മങ്ങൽ വരുത്തിയിട്ടുണ്ട്. കാലം ഇപ്പോൾ ഐഫോണിലും സോഷ്യൽ മീഡിയകളിലുമായി ആഘോഷങ്ങളെ ചുരുക്കി കൊണ്ട് വരുന്നുണ്ട്. നാളെകൾ എങ്ങനെ എന്ന് ആർക്കറിയാം.!

കൂട്ടായ്മയുടെ സ്നേഹത്തിന്റെ വിഷു ആശംസകൾ.

“പിന്നെയോരോ തളിരിലും പൂ വരും കായ് വരും,
അപ്പൊളാരെന്നുമെന്തെന്നുമാർക്കറിയാം”

Print Friendly, PDF & Email

Leave a Comment

More News