മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനുമായി ബന്ധപ്പെട്ട മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിൽ ഉൾപ്പെട്ട രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേസ് അന്വേഷിച്ച ഇവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
ഇപ്പോൾ, സംശയാസ്പദമായ പ്രവർത്തനങ്ങളെ തുടർന്നാണ് ഇരുവർക്കുമെതിരെ സസ്‌പെൻഷൻ നടപടിയുണ്ടായത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആര്യൻ ഖാൻ കേസിൽ എൻസിബി ഓഫീസർ സമീർ വാങ്കഡെയെയും സ്ഥാനത്ത് നിന്ന് നീക്കി, പകരം മുൻ സിബിഐ ഓഫീസർ സഞ്ജയ് സിംഗിനെ ചുമതലപ്പെടുത്തി.
വിശ്വ വിജയ് സിംഗ്, ആശിഷ് രഞ്ജൻ പ്രസാദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. എൻസിബി ഉദ്യോഗസ്ഥനായ വിവി സിംഗിനെ ആര്യൻ ഖാൻ കേസിന് ശേഷം ഗുവാഹത്തി എൻസിബിയിലേക്കും, ഇന്റലിജന്‍സ് (ഐബി) ഉദ്യോഗസ്ഥനായ ആശിഷ് രഞ്ജൻ പ്രസാദിനെ സിഐഎസ്എഫിലേക്കും സ്ഥലം മാറ്റിയിരുന്നു. ഈ രണ്ട് ഉദ്യോഗസ്ഥരെയുമാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തത്.
ഇരുവരുടെയും സസ്‌പെൻഷൻ ആര്യന്‍ ഖാന്‍ കേസുമായി ബന്ധപ്പെട്ടതല്ലെന്ന് എൻസിബി പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എൻസിബി മേധാവി (ഡിഡിജി) ജ്ഞാനേശ്വർ സിംഗിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും മറ്റൊരു കേസിൽ ഇവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തതായി പറയപ്പെടുന്നു. എന്നാൽ, ആ കേസ് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് ക്രൂയിസ് റെയ്ഡ് നടന്നപ്പോൾ വിശ്വ വിജയ് സിംഗ് അന്വേഷണ ഉദ്യോഗസ്ഥനും ആശിഷ് ഡെപ്യൂട്ടി ആയിരുന്നു. പിന്നീട് കേസിൽ തർക്കമുണ്ടായതിനെ തുടർന്ന് അന്വേഷണം എൻസിബിയുടെ എസ്ഐടിക്ക് കൈമാറി. ഇതിനിടെ ഇരു ഉദ്യോഗസ്ഥരും മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ഒക്ടോബർ 2 ന് രാത്രിയാണ് എൻസിബി ഉദ്യോഗസ്ഥർ മുംബൈ ക്രൂയിസിൽ റെയ്ഡ് നടത്തിയത്. അതിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും സുഹൃത്ത് അർബാസ് മർച്ചന്റും മറ്റ് ആറ് പേരും അറസ്റ്റിലായി. മുൻമുൻ ധമേച്ച, അർബാസ് മർച്ചന്റ്, ഇസ്മീത് സിംഗ്, മോഹക് ജസ്വാൾ, ഗോമിത് ചോപ്ര, നൂപുർ സതിജ, വിക്രാന്ത് ചോക്കർ എന്നിവരും അറസ്റ്റിലായി.
ആര്യൻ ഖാനും മറ്റ് 19 പേരും നിരോധിത മയക്കുമരുന്ന് കഴിക്കുകയും വിൽപന നടത്തുകയും ചെയ്തു എന്നായിരുന്നു കേസ്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻഡിപിഎസ് ആക്ട്) പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.