ഭോപ്പാൽ: കലാപബാധിതമായ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റത്തിനെതിരായ നീക്കത്തിനിടെ സംസ്ഥാന ഭരണകൂടം വീടുകൾ തകർത്ത മൂന്ന് മുസ്ലീം കുടുംബങ്ങള്‍ കാലിത്തൊഴുത്തില്‍ അഭയം തേടി.
നഗരത്തിൽ മെർക്കുറി 41 ഡിഗ്രി സെൽഷ്യസിലേക്ക് കുതിച്ചുയർന്നതോടെ, വീടില്ലാത്ത കുടുംബങ്ങൾ തങ്ങലെ തൊഴുത്തില്‍ താമസിക്കാൻ അനുവദിച്ച ഒരു കുടുംബത്തോട് നന്ദി അറിയിച്ചു. റംസാൻ മാസത്തിൽ കുട്ടികൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് സ്ത്രീകൾ.
പിഎം ആവാസ് യോജന (പിഎംഎവൈ) പ്രകാരം നിർമ്മിച്ച വീട്, ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകര്‍ത്തതോടെ കാലിത്തൊഴുത്തില്‍ അഭയം തേടിയ അംജദ് ഖാൻ, ഭാര്യയോടും കൊച്ചുകുട്ടികളോടും ഒപ്പം തൊഴുത്തില്‍ അഭയം തേടിയവരില്‍ ഉൾപ്പെടുന്നു.
സ്വന്തം വീട് നഷ്ടപ്പെട്ടതോടെ കുടുംബം മറ്റുള്ളവരുടെ കാരുണ്യത്തിൽ ജീവിക്കാൻ നിർബന്ധിതരായെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഖാൻ പറഞ്ഞു.
“ആളുകൾ തരുന്നതെന്തും ഞങ്ങൾ ഭക്ഷിക്കും. ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വെള്ളം സംഭരിക്കാൻ ഒരു ബക്കറ്റ് പോലുമില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ എല്ലാം ഉണ്ടായിരുന്നിട്ടും, ഞങ്ങൾ ഇപ്പോൾ മറ്റുള്ളവരുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്, ”അദ്ദേഹം പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു സംഘം തന്നെ സന്ദർശിച്ച് അവർക്ക് ഭക്ഷണവും പാർപ്പിടവും ലഭിക്കുന്ന ഒരു ‘ധരംശാല’യിലേക്ക് മാറാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മാറാൻ തയ്യാറായില്ലെന്നും ഖാൻ അറിയിച്ചു. എന്തുകൊണ്ടെന്ന് ചോദിച്ചപ്പോൾ, “എനിക്ക് സർക്കാരിനെ ഇനി വിശ്വസിക്കാൻ കഴിയില്ല” എന്നായിരുന്നു ഖാന്റെ മറുപടി.
എന്നാൽ, ഖാർഗോൺ ജില്ലാ കളക്ടർ പി. അനുഗ്രഹ ഈ വിഷയത്തിൽ നൽകിയ മറുപടി ഖാന്റെ വാദങ്ങൾക്ക് വിരുദ്ധമാണ്.
പിഎംഎവൈ വീട് തകർന്ന കുടുംബം വീട് പൊളിക്കുന്നതിന് മുമ്പ് താമസിച്ചിരുന്ന അതേ സ്ഥലത്തു തന്നെയാണ് താമസിക്കുന്നതെന്ന് അനുഗ്രഹ പറഞ്ഞു. പൊളിക്കുന്നതിന് മുമ്പ് കുടുംബം ആ വീട്ടിൽ താമസിച്ചിരുന്നില്ലെന്നും കളക്ടർ അവകാശപ്പെട്ടു.
“അവർ മറ്റൊരു സ്ഥലത്ത് താമസിക്കുകയും പിഎംഎവൈ വീട് പശു സംരക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്തു. താമസ ആവശ്യത്തിനാണ് വീട് അനുവദിച്ചതെങ്കിലും പരിശോധനയിൽ കെട്ടിടം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. കൃത്യമായ പരിശോധന നടത്തി തഹസിൽദാരിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ശേഷമാണ് വീട് പൊളിച്ചത്,” അനുഗ്രഹ പറഞ്ഞു.
കലാപബാധിത പ്രദേശത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ജില്ലാ കളക്ടർ സ്ഥിതിഗതികൾ സമാധാനപരമാണെന്ന് അറിയിച്ചു. “ഇന്ന് മുതൽ നഗരത്തിൽ കർഫ്യൂ ഭാഗികമായി ഇളവ് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് അവശ്യവസ്തുക്കൾ വാങ്ങാൻ രാവിലെ 10 നും 12 നും ഇടയിലും വീണ്ടും ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയും പോകാൻ അനുവാദമുണ്ട്.
ഏപ്രിൽ 10 ന് രാമനവമി ഘോഷയാത്രയ്ക്കിടെ പ്രദേശത്ത് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് ഖാർഗോണിൽ കർഫ്യൂ ഏർപ്പെടുത്തിയത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി വീടുകൾ അഗ്നിക്കിരയാക്കുകയും ഖാർഗോൺ ജില്ലാ എസ്പി ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതേത്തുടർന്നാണ് കലാപത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. അതിനുശേഷം, ഖാർഗോൺ നഗരത്തിൽ മാത്രം 50-ലധികം കെട്ടിടങ്ങൾ (വീടുകളും കടകളും) ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഏകദേശം 100 പേർ അറസ്റ്റിലായി.
കലാപബാധിതമായ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റത്തിനെതിരായ നീക്കത്തിനിടെയാണ് ഭരണകൂടത്തിന്റെ നടപടി.