ന്യൂഡൽഹി: എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളജെങ്കിലും സ്ഥാപിക്കുമെന്ന കേന്ദ്ര സർക്കാർ നയം മൂലം അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്തിന് റെക്കോർഡ് ഡോക്ടർമാരെ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഭുജിൽ 200 കിടക്കകളുള്ള കെകെ പട്ടേൽ മുത്‌ലി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സമർപ്പിച്ച ശേഷം വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
ലുവ പട്ടേൽ കമ്മ്യൂണിറ്റിയാണ് ഈ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു മെഡിക്കൽ കോളേജെങ്കിലും എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, 10 വർഷത്തിനുള്ളില്‍ രാജ്യത്തിന് റെക്കോർഡ് ഡോക്ടർമാരുടെ എണ്ണം ലഭിക്കുമെന്ന് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു. രണ്ട് പതിറ്റാണ്ട് മുമ്പ് ഗുജറാത്തിൽ ഒമ്പത് മെഡിക്കൽ കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും കഴിഞ്ഞ 20 വർഷത്തിനിടെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ സാഹചര്യം വളരെയധികം മെച്ചപ്പെട്ടുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
“ഇപ്പോൾ ഗുജറാത്തിൽ ഒരു എയിംസും മൂന്ന് ഡസനിലധികം മെഡിക്കൽ കോളേജുകളും ഉണ്ട്. മുമ്പ്, ഗുജറാത്തിലെ മെഡിക്കൽ കോളേജുകളിൽ 1,000 വിദ്യാർത്ഥികൾ മാത്രമേ പ്രവേശനം നേടിയിരുന്നുള്ളൂ, ഇപ്പോൾ 6,000 വിദ്യാർത്ഥികൾ ഈ കോളേജുകളിൽ പ്രവേശനം നേടുന്നു. രാജ്‌കോട്ടിലെ എയിംസിൽ 2021 മുതൽ 50 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ തുടങ്ങി,” അദ്ദേഹം പറഞ്ഞു.