തിരുവനന്തപുരം: ‘വിഷു കൈനീട്ടം’ നൽകുന്ന പുരാതന ഹൈന്ദവ ആചാരത്തെ അപമാനിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും രാഷ്ട്രീയ നേതാവും ബിജെപി എംപിയുമായ സുരേഷ് ഗോപി. കാറിൽ ഇരുന്നു പണം വിതരണം ചെയ്യുന്നതും ആളുകൾ അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിക്കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചത്. വിവാദത്തിന് പിന്നിൽ മ്ലേച്ഛന്മാരാണെന്നും, വിവാദങ്ങൾ ഭയന്ന് പിന്നോട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
രാജ്യസഭാ എംപിയായി സുരേഷ് ഗോപിയുടെ കാലാവധി ഈ മാസം അവസാനത്തോടെ അവസാനിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തൃശ്ശൂരിൽ ഈ ആഴ്ച ആദ്യം ജനകീയ ‘വിഷു കൈനീട്ടം’ വിതരണ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു.
ബി.ജെ.പി പ്രവർത്തകർക്ക് പുറമെ ജില്ലയിലുടനീളമുള്ള കുട്ടികളും പ്രായമായവരുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്ക് കൈനീട്ടമായി ഒരു രൂപയുടെ കറൻസി നോട്ടും അദ്ദേഹം വിതരണം ചെയ്തു. വിവാദമായ വീഡിയോയിൽ, തങ്ങളുടെ ‘കൈനീട്ടം’ സ്വീകരിക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് മുന്നിൽ ക്യൂ നിൽക്കുമ്പോൾ,
അദ്ദേഹം വാഹനത്തിലിരുന്നുകൊണ്ട് പണം വിതരണം ചെയ്യുന്നതായി കാണാം. ഇവരിൽ പലരും പണം സ്വീകരിച്ച് അനുഗ്രഹം തേടി അദ്ദേഹത്തിന്റെ പാദങ്ങൾ തൊടുന്നതും കാണാമായിരുന്നു.
ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ തന്റെ കാലിൽ തൊടാൻ അനുവദിക്കുന്നത് ഉചിതമല്ലെന്ന് നിരവധി പേര് അഭിപ്രായപ്പെട്ടതോടെ സുരേഷ് ഗോപിക്ക് സോഷ്യൽ മീഡിയയിൽ വിമർശനം നേരിടേണ്ടി വന്നു.
എന്നാല്‍, താന്‍ സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും, സാംസ്കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവരാണ് വിഷുക്കൈനീട്ടം വിവാദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ചടങ്ങ് ഇന്ന് ആദ്ധ്യാത്മിക കേന്ദ്രങ്ങളായ ക്ഷേത്രങ്ങളിലും ആചാര്യന്മാരാലും നടത്തപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുഷിച്ച മനസ്സിന് നൽകാനും ശുദ്ധിയില്ലാത്ത മനസ്സിന് വാങ്ങാനും കഴിയാത്ത ഒന്നാണ് വിഷുക്കൈനീട്ടം. ഒരു രൂപ നോട്ട് കൊണ്ട് ആരെയും സ്വാധീനിക്കാൻ കഴിയില്ല. ഇത് നാട്ടുകാരുടെ പണം പിടിച്ചു പറിച്ച് വാങ്ങി വിതരണം ചെയ്യുന്ന കിറ്റല്ല. ചിലരുടെ വിമർശനങ്ങൾക്ക് പുല്ലുവിലയാണ് നൽകുന്നതെന്നും ബിജെപി കാര്യകർത്താക്കൾക്ക് കൈനീട്ടം നൽകുന്ന ചടങ്ങിൽ സുരേഷ് ഗോപി പറഞ്ഞു.