മിഷിഗണ്‍: മാരകമായ വെടിവയ്പ്പിന്റെ വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ട്രാഫിക് സ്റ്റോപ്പിനിടെ മിഷിഗൺ പോലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയ ആഫ്രിക്കൻ അഭയാർത്ഥിയുടെ കുടുംബം വ്യാഴാഴ്ച ഉദ്യോഗസ്ഥനെ സേനയിൽ നിന്ന് പിരിച്ചുവിടണമെന്നും ക്രിമിനൽ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ടു.
റിപ്പോർട്ടുകൾ പ്രകാരം, 26 കാരനായ കോംഗോയില്‍ നിന്നുള്ള അഭയാർത്ഥിയായ കറുത്ത വംശജന്‍ പാട്രിക് ലിയോയ ഗ്രാൻഡ് റാപ്പിഡ്‌സ് പരിസരത്ത് ട്രാഫിക് സ്റ്റോപ്പിൽ വെച്ച് പോലീസ് ഓഫീസറുമായുള്ള മല്‍പിടുത്തത്തിനിടെയാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച ഒരു പത്രസമ്മേളനത്തിൽ ഒരു വിവർത്തകനിലൂടെ സംസാരിച്ച ലിയോയയുടെ മാതാപിതാക്കൾ തങ്ങളുടെ ആദ്യത്തെ മകനെ നഷ്ടപ്പെട്ടതില്‍ ദുഃഖാര്‍ത്തരായി, അമേരിക്കയിൽ ഇത് സംഭവിക്കുമെന്ന് തങ്ങൾ ഒരിക്കലും വിശ്വസിച്ചില്ലെന്നും വിലപിച്ചു.
“ഒരു ഉദ്യോഗസ്ഥൻ എന്റെ മകന്റെ മുകളിൽ നിൽക്കുന്നത് കണ്ട് എന്റെ ഹൃദയം തകർന്നു, അവന്റെ തലയ്ക്ക് പിന്നിൽ വെടിവച്ചപ്പോൾ എന്റെ ഹൃദയം ശരിക്കും തകർന്നു,” പിതാവ് പീറ്റർ ലിയോയ പറഞ്ഞു.
2014-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നടന്ന അക്രമത്തിൽ നിന്ന് കുടുംബം അമേരിക്കയിലേക്ക് പലായനം ചെയ്തതാണെന്ന് ഗവർണറുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
ഉദ്യോഗസ്ഥൻ അടിസ്ഥാന പരിശീലന പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്നും, മാരകമായ ബലപ്രയോഗം അനാവശ്യവും ന്യായീകരിക്കാനാകാത്തതുമാണെന്നും കുടുംബത്തെ പ്രതിനിധീകരിക്കുന്ന പ്രമുഖ യുഎസ് സിവിൽ റൈറ്റ്സ് അറ്റോർണി ബെൻ ക്രംപ് പറഞ്ഞു.
“അമേരിക്കയിൽ ഒരു കറുത്ത വർഗ്ഗക്കാരനെ സംരക്ഷിക്കേണ്ട ആളുകൾ തന്നെ വിവേകശൂന്യമായ മറ്റൊരു കൊലപാതകം നടത്തി,” വീഡിയോ ദൃശ്യങ്ങളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒരു ചെറിയ ട്രാഫിക് സ്റ്റോപ്പ് മാരകമായ വധശിക്ഷയിലേക്ക് ഉയർത്തിയതാണ് നമ്മള്‍ കണ്ടത്, അദ്ദേഹം പറഞ്ഞു.
ക്രംപ് വീണ്ടും ഫെഡറൽ പോലീസ് പരിഷ്കരണത്തിന് ആഹ്വാനം ചെയ്തു. ജോർജ്ജ് ഫ്ലോയിഡും ബ്രയോണ ടെയ്‌ലറും ഉൾപ്പെടെയുള്ള വംശീയ ന്യൂനപക്ഷങ്ങളുടെ വർദ്ധിച്ചുവരുന്ന പോലീസ് കൊലപാതകങ്ങളുടെ പട്ടികയിൽ ലിയോയയുടെ മരണവും ഒന്നാണെന്ന് ചൂണ്ടിക്കാട്ടി.
ഗ്രാൻഡ് റാപ്പിഡിൽ നടന്ന വാർത്താ സമ്മേളനത്തിൽ ലിയോയയുടെ അമ്മ തമിക പാമറും പങ്കെടുത്തു.
വീഡിയോകൾ പുറത്തുവന്നതിന് ശേഷം, നൂറുകണക്കിന് പ്രകടനക്കാർ വെടിവയ്പ്പിൽ പ്രതിഷേധിക്കാനും ഉത്തരവാദിത്തത്തിനായുള്ള ആഹ്വാനത്തിനും പോലീസ് പരിഷ്കരണം ആവശ്യപ്പെടാനും ഒത്തുകൂടിയതായി ഡിട്രോയിറ്റ് ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 4 ന് ലിയോയ ഓടിച്ച വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് വാഹനവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പോലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, ലിയോയ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് വാഹനത്തിലെക്ക് തിരിച്ചു കയറാന്‍ ഓഫീസര്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ ഓടാന്‍ ശ്രമിച്ചു. ആ ഓട്ടം ഒരു വീടിന്റെ മുന്‍വശത്ത് അവസാനിക്കുകയും ലിയോയയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ച പോലീസിന്റെ ടേസര്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഓഫീസര്‍ വെടിവെയ്ക്കുകയുമായിരുന്നു.