പുനരുത്ഥാനം അല്ലെങ്കിൽ പുനർജന്മം, (അനസ്താസിസ്) എന്നത് മരണാനന്തരം ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ആശയമാണ്. ക്രിസ്ത്യാനികളുടെ ഇടയിൽ യേശു മരിച്ചതും, ഉയിർത്തെഴുന്നേറ്റതും ഒരു വലിയ വിശ്വാസമാണ്. അതുപോലെതന്നെ മറ്റ് പല മതങ്ങളും അനുമാനിക്കുന്ന സമാനമായ ഒരു പ്രക്രിയയാണ് പുനർജന്മം. മരിച്ചവരുടെ പുനരുത്ഥാനം എന്നത് അബ്രഹാമിക് മതങ്ങളിലെ ഒരു സ്റ്റാൻഡേർഡ് എസ്കാറ്റോളജിക്കൽ വിശ്വാസമാണ്. എന്നാൽ മതപരമായ ആശയമെന്ന നിലയിൽ, ഇവ രണ്ട് വ്യത്യസ്ത വശങ്ങളിൽ ഉപയോഗിക്കുന്നു. അതായത് മരണാനാന്തരമുള്ള ജീവിതത്തിലേക്ക് നിലവിലുള്ള വ്യക്തിപരമായ ആത്മാക്കളുടെ പുനരുത്ഥാനത്തിലുള്ള വിശ്വാസം, അല്ലെങ്കിൽ മരിച്ചവരുടെയെല്ലാം കൂടിയുള്ള ഏകീകൃത പുനരുത്ഥാനത്തിലുള്ള വിശ്വാസം. ഇത്തരത്തിൽ ആത്മാവ് പുനരുത്ഥാനം പ്രാപിക്കുന്നു എന്ന് ആളുകൾ വിശ്വസിക്കുന്നു.
യേശുവിൻ്റെ മരണവും, പുനരുത്ഥാനവും, ക്രിസ്തുമതത്തിൻ്റെ കേന്ദ്രബിന്ദുവാണ്. എന്നാൽ ഏത് തരത്തിലുള്ള പുനരുത്ഥാനമാണ് വസ്തുതാപരമായത് എന്നതുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ ദൈവശാസ്ത്രപരമായ സംവാദങ്ങൾ നടക്കുന്നു എങ്കിലും, ഒന്നുകിൽ ഒരു ആത്മശരീരത്തോടെ സ്വർഗ്ഗത്തിലേക്കുള്ള ആത്മീയ പുനരുത്ഥാനം, അല്ലെങ്കിൽ പുനഃസ്ഥാപിക്കപ്പെട്ട മനുഷ്യശരീരത്തോടുകൂടിയ ഭൗതിക പുനരുത്ഥാനമോ ആയിട്ടാണ് ഇതിനെ കാണുന്നത്. എന്നാൽ യേശുവിൻ്റെ മരണത്തിൽ നിന്നുള്ള പുനരുത്ഥാനവും, സ്വർഗ്ഗാരോഹണവും, ഭൗതിക ശരീരത്തിലാണെന്ന് മിക്ക ക്രിസ്ത്യാനികളും വിശ്വസിക്കുമ്പോൾ, ചിലർ അത് ആത്മീയമാണെന്ന് വിശ്വസിക്കുന്നു.
ക്രിസ്ത്യൻ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം, ശാരീരികമായ പുനരുത്ഥാനം എന്നത് ആത്മാവിനാൽ പ്രവർത്തിക്കുന്ന രൂപാന്തരപ്പെട്ട ശരീരത്തിൻ്റെ ജീവിതത്തിലേക്കുള്ള പുനഃസ്ഥാപനമായിരുന്നു. ക്രിസ്ത്യൻ ദൈവശാസ്ത്രത്തിൽ, യേശുവിൻ്റെ മരണവും, പുനരുത്ഥാനവും, എല്ലാം ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളാണ്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, മരിച്ചവർ എല്ലാം ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ ഉയിർത്തെഴുന്നേൽക്കുമെന്നതിൻ്റെ ഉറപ്പാണ് അവൻ്റെ പുനരുത്ഥാനം. ക്രിസ്തുവിൻ്റെ പുനരുത്ഥാനം നടന്നില്ലായെങ്കിൽ, അഥവാ അവൻ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ, നമ്മളും ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രതീക്ഷയില്ല. അതുപോലെ നമുക്ക് രക്ഷകനോ, രക്ഷയോ, നിത്യജീവൻ്റെ പ്രത്യാശയോ, ഉണ്ടാകില്ല. എന്നുമാത്രമല്ല നമ്മുടെ വിശ്വാസം വ്യർത്ഥവും, സുവിശേഷം പൂർണ്ണമായും ശക്തിയില്ലാത്തതും, നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടാത്തതും. ആയിരിക്കും.
പുനർജന്മം എന്നത് ഓരോ മരണത്തിനു ശേഷവും വ്യത്യസ്തമായ ഒരു ശരീരത്തിലോ, രൂപത്തിലോ, ഒരു പുതിയ ജീവിതം ആരംഭിക്കുന്നു എന്ന തത്വശാസ്ത്രപരമോ, മതപരമോ, ആയ ആശയമാണ്. ഈ ആശയം പുനർജന്മം അല്ലെങ്കിൽ ‘ട്രാൻസ്മിഗ്രേഷൻ’ എന്നും അറിയപ്പെടുന്നു. പുനർജന്മത്തെകുറിച്ചുള്ള ആശയം പല പുരാതന സംസ്കാരങ്ങളിലും കാണപ്പെടുന്നു. പുനർജന്മം പുരാതനവും, ആധുനികവുമായ വിവിധ മതങ്ങളുടെ, പൊതുവിശ്വാസം കൂടിയാണിത്. അതായത് ഓസ്‌ട്രേലിയ, കിഴക്കൻ ഏഷ്യ, സൈബീരിയ, തെക്കേ അമേരിക്ക, തുടങ്ങിയ സ്ഥലങ്ങളിലും, ലോകമെമ്പാടുമുള്ള പല ഗോത്ര സമൂഹങ്ങളിലും, ഇത് കാണപ്പെടുന്നു. എന്നാൽ ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിൻ്റെ സിദ്ധാന്തം കാരണം ശരീരത്തിൻ്റെ പുനരുത്ഥാനത്തിലുള്ള വിശ്വാസം സാധാരണയായി ക്രിസ്തുമതവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.
യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? യേശുവിനെ ക്രൂശിച്ചതിന് ശേഷം മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്ന് നമ്മൾ വിശ്വസിക്കുന്നു. പുതിയ നിയമ രചനകൾ അനുസരിച്ച്, അവൻ മരിച്ചവരിൽ നിന്ന് ആദ്യജാതനായി ദൈവരാജ്യത്തിൽ പ്രവേശിക്കുകയും അങ്ങനെ അവൻ്റെ മരണത്തിലൂടെയും, പുനരുത്ഥാനത്തിലൂടെയും, നിത്യരക്ഷയുടെ സുവിശേഷം, നമ്മളെ അറിയിക്കുകയും ചെയ്തു. അതുകൊണ്ട് യേശുവിൻ്റെ പുനരുത്ഥാനം മൂലം, നാം പുതിയ ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേൽക്കുമെന്ന് അറിയാവുന്നതിനാൽ, നമ്മുടെ കർത്താവ് ചെയ്തതുപോലെ, ക്രിസ്തുവിനുവേണ്ടി പീഡനവും ശിക്ഷയും നമുക്ക് സഹിക്കാം. അതുപോലെ നമ്മളുടെ ജീവിതം, നിത്യജീവനും പുനരുത്ഥാനത്തിൻ്റെ വാഗ്ദാനത്തിനും വേണ്ടി നമ്മൾക്കും അർപ്പിക്കാം.
യേശു “നിദ്ര പ്രാപിച്ചവരുടെ ആദ്യഫലം” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മരണാനന്തര ജീവിതത്തിലേക്ക് യേശുവിനെ നയിച്ച പുനരുത്ഥാനത്തിൻ്റെ സാക്ഷ്യമെന്ന നിലയിൽ, യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനം മറ്റ് മതങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നു. അല്ലെങ്കിൽ യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ച്, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്നതിനാൽ ദൈവത്തിൻ്റെ വചനം യേശുക്രിസ്തു തൻ്റെ സഭയ്ക്കുവേണ്ടിയുള്ള ഉയിർത്തെഴുന്നേൽപ്പിൻ്റെ വരവിൽ വിശ്വാസിയുടെ പുനരുത്ഥാനം ഉറപ്പുനൽകുന്നു. അങ്ങനെയാണെങ്കിൽ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനം അവൻ ലോകത്തിൻ്റെ രക്ഷകനാണെന്നതിന് നിഷേധിക്കാനാവാത്ത തെളിവ് നൽകുന്നു. അതുകൊണ്ട് പുനരുത്ഥാനം ഓരോ വിശ്വാസിയുടെയും മഹത്തായ വിജയമാണ്.
ക്രിസ്തീയ വിശ്വാസത്തിൻ്റെ അടിസ്ഥാന തത്വമായ മനുഷ്യരുടെ പുനരുത്ഥാനത്തിൻ്റെ സാക്ഷ്യമെന്ന നിലയിൽ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനം പ്രധാനമാണ്. യേശു പറഞ്ഞു, “ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു” അതായത് ക്രിസ്തുവിനെക്കൂടാതെ പുനരുത്ഥാനവും, നിത്യജീവനുമില്ല. എന്നാൽ ജീവൻ നൽകുന്നതിനേക്കാൾ കൂടുതൽ യേശു ചെയ്യുന്നു, കാരണം അവൻ ജീവനാണ്, അതുകൊണ്ടാണ് മരണത്തിന് അവൻ്റെ മേൽ അധികാരമില്ല എന്ന് പറയുന്നത്. തന്നിൽ ആശ്രയിക്കുന്നവർക്ക് യേശു തൻ്റെ ജീവിതം സമർപ്പിക്കുന്നു, അതുവഴി മരണത്തിന്മേലുള്ള അവൻ്റെ വിജയം നമുക്ക് പങ്കിടാൻ കഴിയും. അതുപോലെ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നമുക്ക് വ്യക്തിപരമായി പുനരുത്ഥാനം അനുഭവപ്പെടും, കാരണം യേശു നൽകുന്ന ജീവൻ ഉള്ളതിനാൽ നാം മരണത്തെ ജയിച്ചു.
യേശുവിൻ്റെ പുനരുത്ഥാനത്തിനു ശേഷം ശിഷ്യൻമാരിൽ ഒരുവനായ തോമസിനോടു പറഞ്ഞതുപോലെ നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു. ഏങ്കിലും കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ ദൈവരാജ്യം അവർക്കുള്ളതാകുന്നു. അതുകൊണ്ട് മരണാന്തരം വിശുദ്ധിയിലൂടെ നമ്മൾ വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു. പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയുകയില്ല. ഇതാ ഞാൻ നിൻ്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു. നീ എൻ്റെ വചനം കാത്തു മരണപര്യന്തം വിശ്വസ്തനായിരിക്ക. എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും. അങ്ങനെ നശ്വരമായ ഈ ജീവിതത്തിൽ മാത്രം ശ്രദ്ധ വയ്ക്കാതെ അനശ്വരമായ നിത്യജീവിതത്തിൽ പ്രത്യാശ വച്ചുകൊണ്ട് നമുക്ക് ജീവിക്കാം.
Resurrection or rebirth is the beginning of a new life after death!
എല്ലാവർക്കും എൻ്റെ സന്തോഷം നിറഞ്ഞ പുതുജീവൻ്റെ മംഗളങ്ങൾ ആശംസിക്കുന്നു.
ഫിലിപ്പ് മാരേട്ട്