പാലക്കാട്: എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി സംഘം തമിഴ്നാട്ടിലേക്ക് കടന്നതായി റിപ്പോർട്ട്. കൊലയാളി സംഘത്തിൽ ഡ്രൈവറടക്കം അഞ്ചുപേരുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം സംഘം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കും അവിടെനിന്ന് തമിഴ്നാട്ടിലേക്ക് പോയതായി സംശയിക്കുന്നു. ചാരനിറത്തിലുള്ള വാഗണർ കാറിലാണ് രക്ഷപ്പെട്ടതെന്ന് പോലീസ് സംശയിക്കുന്നു.
അതേസമയം സുബൈറിനെ കൊലപ്പെടുത്താന്‍ എത്തിയ സംഘം ഉപയോഗിച്ച ഇയോണ്‍ കാറിന്റെ നമ്പര്‍, മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണ്ടെത്തിയത്. ഈ കാര്‍ കൊലയാളി സംഘം എലപ്പുള്ളി പാറയില്‍ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോള്‍ പൊലീസിൻ്റെ കസ്റ്റഡിയിലാണ്. എങ്ങനെയാണ് കാർ ഇവരുടെ പക്കൽ എത്തിയിട്ടുള്ളതെന്ന അന്വേഷണവും നടക്കുന്നുണ്ട്.
സുബൈറും പിതാവും സഞ്ചരിച്ചിരുന്ന ബൈക്കിൽ കെ.എൽ.11 എ.ആർ. 641 നമ്പർ ഇയോൺ കാർ ഇടിക്കുകയായിരുന്നു. പിന്നീട് കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പോലീസ് നടത്തിയ പരിശോധനയിൽ കാർ സഞ്ജിത്തിന്റെതാണെന്ന് കണ്ടെത്തി. ഇയോൺ കാറിന് പുറമെ ചാരനിറത്തിലുള്ള വാഗൺ ആർ കാറും അക്രമികൾ ഉപയോഗിച്ചിരുന്നു.