പ്രകൃതി സംരക്ഷണ സന്ദേശവുമായി അമൃതപുരിയിൽ ‘വിഷുതൈനീട്ടം’ ഒരുക്കി

കൊല്ലം: വിഷു ആഘോഷത്തിന്റെ ഭാഗമായി അയുദ്ധിന്റെ നേതൃത്വത്തിൽ അമൃതപുരിയിലെ വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും വൃക്ഷതൈകൾ കൈനീട്ടമായി നൽകി. വൃക്ഷങ്ങളെയും പ്രകൃതിയെയും പരിപാലിക്കുകയെന്ന സന്ദേശവുമായാണ് വൃക്ഷതൈകൾ വിതരണം ചെയ്തത്.

സംഗീത സംവിധായികയും പിന്നണി ഗായികയുമായ ഗൗരി ലക്ഷ്മി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ‘ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി…’ എന്ന കവിത എല്ലാവരും ചേർന്ന് ആലപിച്ചു. അമൃതപുരി കാമ്പസിലെ വിദ്യാർത്ഥികൾക്കായി 2500 ലേറെ വൃക്ഷതൈകളാണ് വിതരണം ചെയ്തത്. തുടർന്ന് നൃത്താവിഷ്‌കാരവും, പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റം ചിത്രീകരിക്കുന്ന മൈം എന്നിവയുൾപ്പെടെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള വിവിധ സാംസ്‌കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടന്നു.

സ്‌കൂൾ ഓഫ് സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പൽ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, എഞ്ചിനീയറിംഗ് ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, അസോസിയേറ്റ് ഡീൻ ഡോ. ജ്യോതി എസ്.എൻ , സ്‌കൂൾ ഓഫ് ആർട്‌സ് & സയൻസ് പ്രിൻസിപ്പൽ ഡോ. നാരായണൻകുട്ടി കറുപ്പത്ത്, രജിസ്ട്രാർ ഡോ.ശങ്കരൻ കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News