മാള: സുഹൃത്തുക്കളും സഹപാഠികളുമായ ആദ്യ കൃഷ്ണകുമാറും ഗായത്രിയും ക്യാന്‍സര്‍ രോഗികൾക്ക് സ്വന്തം തലമുടി മുറിച്ചു നല്‍കി മാതൃകയായി. മാള ഫൊറോന പള്ളിയുടെ കീഴിലുള്ള സെന്റ് ആന്റണീസ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. തൃശ്ശൂരിലെ അമല ക്യാന്‍സര്‍ സെന്ററിലേക്കാണ് ഇവർ മുടി മുറിച്ച് ദാനം നല്‍കിയത്.
മാള കൂനംപറമ്പ് പഴായി കളരിക്കൽ കൃഷ്ണകുമാറിന്റെയും ജിഷയുടെയും മകളാണ് ആദ്യ കൃഷ്ണകുമാർ. പുത്തൻചിറ പിണ്ടാണി തുളക്കാട്ടുപിള്ളി രമേശിന്റെയും നീതുവിന്റെയും മകളാണ് ഗായത്രി. ആദ്യയുടെ അച്ഛന്‍ കൃഷ്ണകുമാറാണ് തന്റെ മകളുടെ നീളമുള്ള മുടി കാന്‍സര്‍ രോഗികള്‍ക്ക് മുറിച്ച് നല്‍കാന്‍ ആദ്യം തീരുമാനിച്ചത്. തന്റെ കൂട്ടുകാരി ചെയ്ത ഈ സല്‍പ്രവൃത്തി തനിക്കും ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് ഗായത്രി തന്റെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
മകളുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചതോടെ ഈയൊരു നല്ല കാര്യത്തിന് ഇരുവർക്കും മുടി മുറിച്ചു നല്‍കാന്‍ സാധിച്ചു. ഗായത്രിയും ആദ്യയും സുഹൃത്തുക്കൾ മാത്രമല്ല കുടുംബത്തിലെ ഏക മക്കൾ കൂടിയാണ്. ലോകത്തിനുതന്നെ മാതൃകയായ തന്റെ സ്കൂളിലെ വിദ്യാർത്ഥികളെ ഓർത്ത് അഭിമാനിക്കുന്നതായി സെന്റ് ആന്റണീസ് സ്കൂൾ പ്രിൻസിപ്പൽ ഷാലി വിത്സൺ പറഞ്ഞു.